മോ​ഹ​ൻ​ലാ​ലി​ന്റെ ലോ​ക​ക​പ്പ് ഗാ​ന​ത്തി​ൽ നി​ന്ന്

മലപ്പുറത്തിന്റെ ഫുട്ബാൾ മുഹബ്ബത്തുമായി ലാലേട്ടൻ

ദോഹ: ലോകകപ്പ് കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിൽനിന്നും വീശിയടിച്ചെത്തിയ കാറ്റിനൊപ്പം മലയാളത്തിന്റെ പ്രിയതാരം പാടി അഭിനയിച്ച ലോകകപ്പ് ഗാനവും കാൽപന്തു ലോകത്തിന്റെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി.കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തി മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങി.

മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധകരിലേക്ക് തുറന്നുവിട്ടു.

 ദോ​ഹ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ഗാ​നം പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സം​സാ​രി​ക്കു​ന്നു

'മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ' എന്നപേരിലായിരുന്നു ലോകകപ്പ് ഗാനത്തിന്റെ റിലീസിങ്.ലോകകപ്പിന്റെപ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെയും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികൾ, വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികൾ എന്നിവരെ സാക്ഷിയാക്കി കേരളത്തിന്റെ കളിയാവേശത്തെ മനോഹരമായ ഗാനത്തിലൂടെ ലോകമെങ്ങുമുള്ള ആസ്വാദകരിലേക്ക് പകർന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ലോകകപ്പ് ഗാനം ഒരുക്കിയത്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ഇൗണം നൽകി.മലപ്പുറത്തിന്റെ ഫുട്ബാൾ ഗ്രാമമായ തെരട്ടമ്മൽ മുഖ്യ വേദിയായ ഷൂട്ടിങ്ങിൽ നാട്ടുകാരും ഫുട്ബാൾ കമ്പക്കാരും സ്ത്രീകളും കുട്ടികളും സെവൻസ് അനൗൺസ്മെന്റുകളും ഉൾപ്പെടെ നാട്ടിൻ പുറത്തെ ഫുട്ബാൾ ആവേശമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. 'ആടാം...ആടിപ്പാടി ഓടാം...ഓടിച്ചാടി പായാം... ചാടിപ്പാടി പറക്കാം...' എന്നു തുടങ്ങുന്ന വരികളിൽ കാൽപന്തുകളിയോടുള്ള മലയാള മണ്ണിന്റെ ഇഷ്ടമാണ് വരച്ചിടുന്നത്.

ബ്രസീലും അർജന്റീനയും ബെൽജിയവും സ്‍പെയിനും ജപ്പാനും ഉൾപ്പെടെ ലോകകപ്പിലെ കരുത്തരായ ഫുട്ബാൾ രാജ്യങ്ങളെ വരികളിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ലോകമെങ്ങമുള്ള ഫുട്ബാൾ ആരാധകർക്ക് മുന്നിലേക്ക് മലപ്പുറത്തിന്റെയും കേരളത്തിന്റെയും കാൽപന്ത് സ്നേഹം ലോകകപ്പ് ഗാനോപഹാരത്തിലൂടെ എത്തിക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മോഹൻലാൽ പറഞ്ഞു.

'അടുത്തിടെ ഫിഫ പുറത്തിറക്കിയ മൈതാനം എന്ന ഡോക്യൂമെന്ററിയിലൂടെ കേരളത്തിന്റെ ഫുട്ബാൾ ആവേശം ലോകമെങ്ങും അറിഞ്ഞതാണ്. ഫുട്ബാളിനെ ജീവിതത്തിന്റെ മറ്റെന്തിനേക്കാളും പ്രണയിക്കുന്നവരാണ് മലയാളിയും മലപ്പുറവും. അവരുടെ ഫുട്ബാൾ പ്രണയത്തിനുള്ള ഉപഹാരം കൂടിയാണ് ഈ ലോകകപ്പ് ഗാനം' -അദ്ദേഹം പറഞ്ഞു.ചടങ്ങിൽ സംവിധായകൻ ടി.കെ. രാജീവ് കുമാർ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഇവന്റ് കോഓഡിനേറ്റർ ജോൺ തോമസ്, മിബു ജോസ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Lalettan with Football love of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.