ഇന്ന് ഫൈനൽ എൽ ക്ലാസിക്കോ! കിരീടം ഉറപ്പിക്കാൻ ബാഴ്സ, കടം വീട്ടാൻ റയൽ; ഒളിമ്പിക് സ്റ്റേഡിയത്തിൽ തീപാറും

ബാഴ്‌സലോണ: സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിന് റയൽ മഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും. ലാ ലിഗയിലെ തീപാറും പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.45ന് ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിലാണ്.

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനോട് തോറ്റ് പുറത്തായ ഹാൻസി ഫ്ലിക്കിനും സംഘത്തിനും ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുന്ന ലീഗ് കിരീടം ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. സീസണിൽ ഇതുവരെ കളിച്ച മൂന്ന്‌ എൽ ക്ലാസിക്കോയിലും റയലിനെ കീഴടക്കാനായത് ബാഴ്സക്ക് ആത്മവിശ്വാസം നൽകുന്നു. രണ്ടാഴ്ച മുമ്പ് കോപ ഡെൽറെ ഫൈനലിൽ 3-2 സ്‌കോറിനാണ് ബാഴ്‌സ ജയിച്ചത്. സ്പാനിഷ് സൂപ്പർ കപ്പിലും (5-2) ലാലിഗയിൽ റയലിന്റെ തട്ടകത്തിലും ബാഴ്‌സ അനായായ ജയംകുറിച്ചിരുന്നു (4-0).

കൗമാര താരം ലമീൻ യമാലിന്‍റെയും ബ്രസീൽ താരം റാഫിഞ്ഞ‍യുടെയും അപാര ഫോമാണ് ബാഴ്സയുടെ പ്രതീക്ഷ. മൂന്നു മത്സരങ്ങളിലെ തോൽവിക്കുള്ള കടം വീട്ടുകയാണ് റയലിന്‍റെ ലക്ഷ്യം. റയൽ പരിശീലകനെന്ന നിലയിൽ കാർലോ ആഞ്ചലോട്ടിയുടെ അവസാന എൽ ക്ലാസിക്കോയാണിത്. ഇറ്റാലിയൻ പരിശീലകൻ അടുത്തസീസണിൽ ബ്രസീൽ ദേശീയ ടീമിന്‍റെ കോച്ചാകുമെന്ന അഭ്യൂഹം ശക്തമാണ്. മുൻനിരയിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും വിനീഷ്യസും ഫോം കണ്ടെത്തിൽ കാര്യങ്ങൾ റയലിന് അനുകൂലമാകും.

ലാ ലിഗ കിരീട പ്രതീക്ഷയും നിലനിർത്താനാകും. നിലവിൽ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ബാഴ്സയും റയലും തമ്മിൽ നാലു പോയന്‍റിന്‍റെ വ്യത്യാസമാണുള്ളത്. ബാഴ്സക്ക് 34 കളികളിൽ 79 പോയന്റും റയലിന് ഇത്രയും മത്സരങ്ങളിൽനിന്ന് 75 പോയന്‍റും. ലീഗിൽ ഇനി നാലുമത്സരങ്ങളാണ് അവശേഷിക്കുന്നത്. റയലിനെ വീഴ്ത്തിയാൽ ബാഴ്‌സക്ക് കിരീടം ഉറപ്പിക്കാനാവും. ലീഡ് ഏഴു പോയന്‍റാകും.

റയൽ ജയിച്ചാൽ കിരീടപ്പോരാട്ടം വീണ്ടും മുറുകും. ലീഡ് ഒരു പോയന്‍റിലേക്ക് ചുരങ്ങും. സീസണിൽ റയലിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനോട് തോറ്റാണ് ടീം പുറത്തായത്. പിന്നാലെ ലാ ലിഗയിൽ വലൻസിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത് ടീമിന്‍റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

Tags:    
News Summary - La Liga: Barcelona vs Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.