'അൽ ഹിലാൽ നിനക്ക് എന്നെ കൊണ്ടുപോകാം': സൗദി ഓഫറിൽ രസകരമായി പ്രതികരിച്ച് എംബാപ്പെ

പാരീസ്: സൗദി പ്രൊ ലീഗ് ക്ലബായ അൽ-ഹിലാലിലേക്കുള്ള കൂടുമാറ്റ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ. ട്വിറ്ററിലൂടെയാണ് പി.എസ്.ജിയുടെ സൂപ്പർതാരത്തിന്റെ രസകരമായ പ്രതികരണം.

നൈജീരിയൻ ബാസ്കറ്റ്ബാൾ താരം ജിയാനിസ് ആന്ററ്റോകൗൺ‌പോയുടെ ട്വീറ്റ് പങ്കുവെച്ചാണ് എംബാപെയുടെ മറുപടി നൽകിയത്.

'അൽ ഹിലാൽ നിനക്ക് എന്നെ കൊണ്ടുപോകാം. ഞാൻ കിലിയൻ എംബാപ്പെയെപ്പോലെയാണ്,' ആന്ററ്റോകൗൺമ്പോ ട്വീറ്റ് ചെയ്തു. 
ചിരിക്കുന്ന ഇമോജികൾ ഉപയോഗിച്ച് പോസ്റ്റ് റീട്വീറ്റ് ചെയ്താണ് എംബാപ്പെ ആദ്യമായി അൽ ഹിലാൽ വാർത്തകളോട് പ്രതികരിച്ചത്. 

വർഷം 200 ദശലക്ഷം യൂറോ (173.2 മില്യൺ പൗണ്ട്) ആണ് സൗദി പ്രോ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ അൽ ഹിലാൽ മുന്നോട്ട് വെച്ചതെന്നായിരുന്നു റിപ്പോർട്ട്. ഒരു വർഷത്തിന് ശേഷം വേണമെങ്കിൽ റയൽ മാഡ്രി​ഡിലേക്ക് ചേക്കേറാനുള്ള പ്രത്യേക റിലീസ് ക്ലോസ് ഉൾപ്പെടെയുള്ളതാണ് ഓഫർ.

ക്ലബ് മാറ്റ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ എംബാപ്പെയെ മാറ്റിനിർത്തി പ്രീ സീസൺ മത്സരങ്ങൾക്കുള്ള നിരയെ പി.എസ്.ജി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം കൂടി പി.എസ്.ജിയിൽ തുടർന്ന് അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രി​ഡിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ നീക്കം.

എന്നാൽ, കരാർ നീട്ടുകയോ ക്ലബ് വിടുകയോ ചെയ്യണമെന്ന് പി.എസ്.ജി മാനേജ്മെന്റ് 24കാരന് അന്ത്യശാസനം നൽകിയിരുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് വൻ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മാനേജ്മെന്റിന്റെ കടുത്ത മുന്നറിയിപ്പ്. 2017ൽ റെക്കോഡ് തുകക്കാണ് താരം പി.എസ്.ജിയിലെത്തിയത്. 260 കളികളിലായി 210 ഗോൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Kylian Mbappe Reacts to Al-Hilal Transfer Rumours For First Time as Saudi Club Set to Offer Massive Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.