ക്ലബ് ലോകകപ്പ് ഫൈനലിൽ ഗ്രൗണ്ടിൽ താരങ്ങളുടെ ‘ഗുസ്തി’; പിടിച്ചുമാറ്റി സഹതാരങ്ങൾ

തെക്കൻ അമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലുമിനെൻസിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ക്ലബ് ലോകകപ്പ് കിരീടം നേടിയത്. അർജന്‍റൈൻ താരം ജൂലിയൻ അൽവാരസ് (1, 88) ഇരട്ടഗോളുകളുമായി തിളങ്ങി.

ഫിൽഫോഡനും (77) യൂറോപ്യൻ ചാമ്പ്യന്മാർക്കായി വലകുലുക്കി. ബ്രസീൽ ക്ലബിന്‍റെ നിനോ സെൽഫ് ഗോളും വഴങ്ങി. ഈ വർഷം സിറ്റി നേടുന്ന അഞ്ചാം കിരീടമാണിത്. ഇതോടെ പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ്, സുപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരുവർഷം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബെന്ന അപൂർവ നേട്ടവും പെപ് ഗ്വാർഡിയോളയും സംഘവും സ്വന്തമാക്കി.

ക്ലബ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളിന്‍റെ റെക്കോഡ് മത്സരത്തിൽ അൽവാരസ് സ്വന്തം പേരിലാക്കി. കളി തുടങ്ങി 40 സെക്കൻഡിലായിരുന്ന താരത്തിന്‍റെ അതിവേഗ ഗോൾ. മത്സരശേഷം താരങ്ങളുടെ കൈയാങ്കളിക്കും കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം സാക്ഷിയായി. ഫൈനൽ വിസിലിനു പിന്നാലെ സിറ്റി താരങ്ങളും ആരാധകരും വിജയം ആഘോഷിക്കുന്നതിനിടെയാണ് ഗ്രൗണ്ടിലെ ടച്ച് ലൈനിനു സമീപം സിറ്റി നായകൻ കെയിൽ വാക്കറും ഫ്ലുമിനെൻസിന്‍റെ 40കാരൻ ഫിലിപ്പ് മെലോയും തമ്മിൽ ഏറ്റുമുട്ടിയത്.

ജാക്ക് ഗ്രീലിഷും സഹതാരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഏറെ പാടുപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഇരുവരും തമ്മിൽ പല അവസരങ്ങളിലും കൊമ്പു കോർത്തിരുന്നു. ഇരുവരും തമ്മിൽ ഗുസ്തി പിടിക്കുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൂന്നു വ്യത്യസ്ത ക്ലബുകൾക്കൊപ്പം ക്ലബ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ പരിശീലകനെന്ന നേട്ടവും ഗ്വാർഡിയോള സ്വന്തമാക്കി.

നേരത്തെ ബാഴ്സലോണ, ബയേൺ മ്യൂണിക്ക് ക്ലബുകൾക്കൊപ്പവും പെപ് കിരീടം നേടിയിരുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി ക്ലബുകളാണ് ഇതിനു മുമ്പ് ക്ലബ് ലോകകപ്പ് കിരീടം നേടിയ ഇംഗ്ലീഷ് ക്ലബുകൾ.

Tags:    
News Summary - Kyle Walker clashes with 40-year-old Felipe Melo after Club World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.