മഞ്ചേരി പയ്യനാട് സ്റ്റേഡിയം
തിരുവനന്തപുരം: 75ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾക്ക് കേരളം വേദിയാകും. അടുത്തവര്‍ഷം ആദ്യം നടക്കുന്ന ഫൈനൽ റൗണ്ടിൽ 23 മത്സരങ്ങളാണ് നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോക വനിത ഫുട്ബാളിലെ നാല് പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബാൾ ചാമ്പ്യന്‍ഷിപ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏകദേശം 40 മത്സരങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ലോകകപ്പ് യോഗ്യത റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിെൻറ ക്യാമ്പ് കേരളത്തില്‍ നടത്താന്‍ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാമ്പും കേരളത്തില്‍ നടക്കും.
പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എ.ഐ.എഫ്.എഫ് പിന്തുണ നല്‍കും. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലതലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലന ക്ലാസുകള്‍ക്ക് എ.ഐ.എഫ്.എഫ് മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ്, കായിക യുവജനകാര്യ ഡയറക്ടർ ജെറോമിക് ജോർജ്, എ.ഐ.എഫ്.എഫ് സ്കൗട്ടിങ് വിഭാഗം ഡയറക്ടര്‍ വിക്രം, കെ.എഫ്.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റെജിനോള്‍ഡ് വര്‍ഗീസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.