കെ.എഫ്.എക്ക് സ്പോർട്സ് കൗൺസിലിന്റെ ‘ബ്ലോക്ക്’

മലപ്പുറം: കേരള ഫുട്ബാൾ അസോസിയേഷന്‍റെ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിക്ക് അംഗീകാരം നൽകുന്നതിൽ സ്പോർട്സ് കൗൺസിലിന്‍റെ ‘പവർ ബ്ലോക്ക്’. കഴിഞ്ഞ ആഗസ്റ്റ് 20ന് കലൂർ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബാൾ അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്ത കമ്മിറ്റിക്ക് തൽക്കാലം അംഗീകാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനം.

അസോസിേയഷന്‍റെ തെരഞ്ഞെടുപ്പിന്‍റെയും യോഗത്തിന്‍റെയും റിപ്പോർട്ട് സ്പോർട്സ് കൗൺസിൽ നിയമിച്ച നിരീക്ഷകൻ പരിശോധിച്ചിരുന്നു. നിരീക്ഷകൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫുട്ബാൾ അസോസിയേഷൻ കേരള സ്പോർട്സ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തി. ഇലക്ട്രൽ കോളജിലുള്ള അംഗങ്ങളെയല്ല ഭാരവാഹികളായി തെരഞ്ഞെടുത്തതെന്നാണ് പ്രധാന ആക്ഷേപം. ഇലക്ട്രൽ കോളജിലുള്ള അംഗങ്ങളെക്കാൾ കൂടുതൽ അംഗങ്ങൾ വാർഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്തിരുന്നെന്നും അസോസിയേഷന്‍റെ പ്രധാന സ്ഥാനമായ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

ആഗസ്റ്റിൽ പ്രസിഡന്റായി നവാസ് മീരാനെ തെരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറിയായി പി. അനിൽ കുമാറിനെ തെരഞ്ഞെടുപ്പില്ലാതെ തന്നെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാരായി പി. പൗലോസ്, ഡേവീസ് മൂക്കൻ, എം. ശിവകുമാരൻ, മുഹമ്മദ് സലീം, പി. ഹരിദാസ്, പവിത്രൻ എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി പി.കെ. ഷാജി, കെ.എ. വിജയകുമാർ എന്നിവരെയും ട്രഷററായി റെജിനോൾഡ് വർഗീസിനെയും മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു. ചട്ടലംഘനം സംബന്ധിച്ച് അസോസിയേഷൻ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചപ്പോൾ അസോസിയേഷന്റെ ബൈലോ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് മറുപടി നൽകിയത്. സെക്രട്ടറി പെയ്ഡ് സെക്രട്ടറിയാണെന്നും അവരെ തെരഞ്ഞെടുക്കുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണെന്നും സെക്രട്ടറി വിശദീകരിച്ചതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, സ്പോർട്സ് ചട്ടങ്ങൾ മറികടന്ന് തെരഞ്ഞെടുപ്പ് നടത്തിയതിനാൽ ഫുട്ബാൾ അസോസിയേഷന് അംഗീകാരം നൽകാൻ കഴിയില്ലെന്നും അസോസിയേഷൻ നിലവിൽ നൽകിയ വിശദീകരണങ്ങൾ അംഗീകാരം നൽകാൻ പര്യാപ്തമല്ലെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. എന്നാൽ, അംഗീകാരമുള്ള ഫുട്ബാൾ കമ്മിറ്റിയാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും നിലവിലെ കമ്മിറ്റിക്ക് അംഗീകാരമില്ലെന്ന് സ്പോർട്സ് കൗൺസിൽ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽ കുമാർ പറഞ്ഞു.

Tags:    
News Summary - Kerala Football Association election will not accept -Sports Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.