കൊച്ചി: ഐ.എസ്.എൽ 2024-25 സീസണിലെ പ്ലേ ഓഫിൽനിന്ന് പുറത്തായെങ്കിലും അവശേഷിക്കുന്ന ഏക ഹോം ഗ്രൗണ്ട് മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. വെള്ളിയാഴ്ച കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരായാണ് മത്സരം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും അവസാനത്തേതിനു തൊട്ടുമുമ്പുള്ള കളി കൂടിയാണിത്. മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് 22 കളികളിൽ 25 പോയൻറുമായി പത്താം സ്ഥാനത്താണുള്ളത്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് വെള്ളിയാഴ്ചത്തെ മത്സരം ജയിച്ചാൽ പ്ലേ ഓഫിലെത്താം. പോയൻറ് പട്ടികയിൽ തൊട്ടു മുമ്പുള്ള ഒഡിഷ എഫ്.സിയുടെ മത്സരങ്ങളെല്ലാം പൂർത്തിയായി, 33 പോയൻറാണ് നേടിയിട്ടുള്ളത്. മുംബൈ സിറ്റിക്ക് 22 മത്സരങ്ങളിൽ 33 പോയൻറുണ്ട്. ബ്ലാസ്റ്റേഴ്സിനെതിരെ ഉൾപ്പെടെ രണ്ടു മത്സരങ്ങളും ബാക്കിയുണ്ട്.
ശനിയാഴ്ച ജാംഷഡ്പൂർ എഫ്.സിക്കെതിരെ കലൂരിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്റെ വീഴ്ചയിൽ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂർണമായും തകർന്നത്. 85 മിനിറ്റുവരെ ഒരുഗോളിന് മുന്നേറിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിന് 86ാം മിനിറ്റിൽ സ്വന്തം ടീമിലെ പ്രതിരോധതാരം മിലോസ് ഡ്രിൻസിച്ചിന്റെ കാലിൽനിന്ന് വീണ സെൽഫ്ഗോളാണ് കനത്ത തിരിച്ചടിയായത്.
രണ്ടാഴ്ചയായി പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർതാരം നോഹ സദോയി ഈ കളിയിൽ ഇറങ്ങിയേക്കും. എന്നാൽ, ജീസസ് ജിമിനസ് ഇറങ്ങുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പ്ലേ ഓഫിൽ കയറിപ്പറ്റാൻ സാധിച്ചില്ലെങ്കിലും സീസണിലുടനീളം നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ബ്ലാസ്റ്റേഴ്സ് നേതൃത്വം. ആരാധകരും ടീമും ആഗ്രഹിച്ച ഫലം ഉണ്ടാക്കാനാവാത്തതിൽ വിഷമമുണ്ടെന്നും മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനാണ് ശ്രമമെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ ടീം ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമൻ വ്യക്തമാക്കി.
നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യഇലവനില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇതുവരെ കളത്തിലിറങ്ങാത്ത താരങ്ങള്‍ക്കായിരിക്കും അവസരം. കഴിഞ്ഞ മത്സരത്തില്‍ നോറ ഫെര്‍ണാണ്ടസിനെ ടീം വലക്ക് കീഴില്‍ പരീക്ഷിച്ചിരുന്നു. ഇന്ന് യുവതാരം ബികാഷ് യുംനത്തിന് ആദ്യ ഇലവനില്‍ അവസരം കിട്ടിയേക്കും. 22 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 36 ഗോളുകള്‍ വഴങ്ങിയ ടീം 2020-21 സീസണിലെ റെക്കോഡിനൊപ്പമെത്തി. ഇന്ന് ഒരു ഗോള്‍ വഴങ്ങിയാല്‍ ക്ലബ്ബ് കൂടുതല്‍ ഗോള്‍ വഴങ്ങുന്ന സീസണായി ഇത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.