മാവില്ലെന്ന് ശനിയാഴ്ച കലൂരിലിറങ്ങുമ്പോൾ മഞ്ഞപ്പടക്ക് അറിയാമായിരുന്നു, എന്നാൽ ഇത്ര വേഗത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മാത്രം വിചാരിച്ചില്ല. ഐ.എസ്.എല്ലിലെ ഒന്നാം നമ്പറുകാരായ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് അഴിച്ചുവിട്ട മിന്നലാക്രമണത്തിൽ കലൂരിലെ സ്റ്റേഡിയത്തിൽ കുറച്ചു നേരം പിടിച്ചുനിന്ന കേരള ബ്ലാസ്റ്റേഴ്സ് കളി മുറുകുന്നതിനും മുമ്പേ പൂർണമായും അടിയറവു വെച്ചപ്പോൾ ആതിഥേയർക്ക് തോൽവിയുടെ കണ്ണീർ. മോഹൻ ബഗാൻ മുന്നേറ്റ താരം ജാമി മക് ലാറൻ ആദ്യ പകുതിയിൽ അടിച്ചു കൂട്ടിയ രണ്ടു ഗോളുകളും രണ്ടാംപകുതിയിൽ ആൽബെർട്ടോ റോഡ്രിഗസ് വീഴ്ത്തിയ ഒരു ഗോളും കൊണ്ട് എതിരാളികൾ വിജയം ആധികാരികമാക്കി.
പ്ലേ ഓഫിൽ കയറിക്കൂടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങളിലേക്ക് വീണ്ടും കരിനിഴൽ വീഴ്ത്തുകയാണ് ശനിയാഴ്ച ഹോംഗ്രൗണ്ടിൽ നടന്ന തോൽവി. ഗോവക്കെതിരെ 22ന് നടക്കുന്ന അടുത്ത മത്സരമുൾപ്പെടെ നാല് മത്സരങ്ങളും അതിനിർണായകമാണ്.
ഏറ്റവും ഒടുവിലത്തെ കളിയിൽ ചെന്നൈയിൻ എഫ്.സിയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ലീഗിലെ കരുത്തൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സിനെതിരെ സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. തുടക്കത്തിൽ എതിരാളികളുടെ പല ഗോൾ ശ്രമങ്ങളെയും ക്ലോസ് റേഞ്ചിലെത്തും മുമ്പേ തടഞ്ഞിടാൻ മഞ്ഞപ്പടയുടെ ഗോൾകീപ്പർ സച്ചിൻ സുരേഷിനായെങ്കിലും വൈകാതെ എല്ലാം മാറിമറിഞ്ഞു.
17ാം മിനിറ്റിൽ നവോച്ച സിങ്ങിന്റെ നേരിട്ടുള്ള ഷോട്ട് എതിരാളികളുടെ പോസ്റ്റിനു തൊട്ടു പുറത്തേക്കാണ് തെറിച്ചത്. 20ാം മിനിറ്റിൽ സൂപ്പർതാരം ജീസസ് ജിമെനസിന്റെ സമാന ഷോട്ട് ഗോൾവലക്കു മുകളിലൂടെ പുറത്തേക്കു പറന്നു. ഇത്തരത്തിൽ തുടക്കം മുതലേ ഒന്നാം നമ്പറുകാരായ എതിരാളികളെ വിറപ്പിച്ചും വിയർപ്പിച്ചും ബ്ലാസ്റ്റേഴ്സ് കുതിച്ചെങ്കിലും ഗോൾവലക്കു തൊട്ടരികിൽ ലക്ഷ്യം മാറി വീഴാനായിരുന്നു പന്തിെൻറ വിധി.
28ാം മിനിറ്റിലാണ് കളി മാറിയത്. അതുവരെ ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തിയ ആവേശ മുദ്രാവാക്യങ്ങൾ നിരാശയിലേക്ക് വഴിമാറാൻ ഒറ്റ നിമിഷം മതിയായിരുന്നു. വലതു വിങ്ങിൽ നിന്ന് ലിസ്റ്റൻ കൊളാസോ പാസിൽ എം.ബി.എസ്.ജി മുന്നേറ്റതാരവും ടീമിന്റെ ഗോൾവേട്ടക്കാരനുമായ ജാമി മക്ലാറൻ ഇടംകാലുകൊണ്ടുതിർത്ത ഷോട്ട് സച്ചിൻ സുരേഷിനെയും വെട്ടിച്ച് കൃത്യം പോസ്റ്റിലേക്ക്. സ്കോർ (1-0).
ഒറ്റ ഗോളിൽ നിർത്താൻ മക് ലാറൻ ഒരുക്കമല്ലായിരുന്നു. 40ാം മിനിറ്റിൽ വീണ്ടും തകർപ്പനൊരു ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വലയിലാക്കി താരം ഗാലറിയിൽ ഇരമ്പിയ മഞ്ഞപ്പടയെ നിശബ്ദരാക്കി.
രണ്ടാംപകുതിയിൽ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളെല്ലാം കാറ്റൊഴിഞ്ഞ പന്തുപോലെ ചുരുങ്ങി. 50ാം മിനിറ്റിൽ നായകൻ ലൂണ നൽകിയ പാസ് ഗോളാക്കാനുള്ള ക്വാമെ പെപ്രയുടെ നീക്കവും 75ാം മിനിറ്റിൽ വിബിൻ മോഹനന്റെ പാസിൽ കോറൂസിങ്ങിന്റെ ഗോളടി നീക്കവും വിഫലമായി. 66ാം മിനിറ്റിൽ ദീപക് ടാംഗ്രി നൽകിയ പാസിലൂടെ മുന്നേറിയ ആൽബെർട്ടോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ ഭടൻമാർ കാത്തെങ്കിലും അടുത്ത നിമിഷം അതേ ആൽബർട്ടോയുടെ കാലിൽ നിന്നുള്ള കിക്ക് ആതിഥേയരുടെ ഗോൾ വലയിലേക്ക് നേരിട്ടുപതിക്കുന്നതിനാണ് മൈതാനം സാക്ഷിയായത്. സ്കോർ(3-0). ആയിരക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഇനിയൊന്നും നടക്കില്ലെന്ന നെടുവീർപ്പ്.
70ാം മിനിറ്റിൽ മോഹൻ ബഗാൻ മലയാളി താരം ആഷിക് കുരുണിയൻ, മൻവീർ സിങ്ങിനു പകരക്കാരനായി ഇറങ്ങി. അവസാന നിമിഷം വരെ ഒരു ഗോളെങ്കിലും മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹത്തെയും ശ്രമങ്ങളെയും നിഷ്കരുണം തകർത്തു കളഞ്ഞാണ് സന്ദർശകർ കളിവിജയം സ്വന്തമാക്കിയതും സീസണിലെ ഒന്നാം റാങ്കുകാരെന്ന തുടർച്ച നിലനിർത്തിയതും. 21 കളികളിൽ 49 പോയിൻറാണിവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.