ഒടുവിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു; ബംഗളൂരുവിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പിന് ഇരട്ടി മധുരം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏഴ് മത്സരങ്ങൾക്ക് ശേഷം കന്നി ജയം ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്. കരുത്തരായ ബംഗളൂരു എഫ്.സിയെ അവരുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മഞ്ഞപ്പട മറിച്ചിട്ടത്. അരങ്ങേറ്റക്കാരനായ അർജന്റൈൻ ഫ്രാഞ്ചുവും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തു. കണ്ഠീരവയിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ സെനഗാൾ താരം ഫാലോ എൻഡിയായെയിലൂടെ 27ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളിലൂടെ ബംഗളൂരു ലീഡ് പിടിച്ചു. എന്നാൽ, 34ാം മിനിറ്റിൽ മിഡ്ഫീൽഡർ ബ്രയാൻ സാഞ്ചെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ആതിഥേയർക്ക് വൻ തിരിച്ചടിയായി. എതിർഭാഗത്തെ അംഗബലം പത്തായി ചുരുങ്ങിയത് ബ്ലാസ്റ്റേഴ്സ് ശരിക്കും മുതലെടുത്തു. 61ാം മിനിറ്റിൽ മലയാളി താരം എബിൻദാസിന്റെ അസിസ്റ്റിൽ വിക്ടർ ബെർട്ടോമ്യൂ സ്കോർ ചെയ്തതോടെ ഒപ്പത്തിനൊപ്പം. 74ാം മിനിറ്റിൽ ബെർട്ടോമ്യൂവിനെ പിൻവലിച്ച് ഫ്രാഞ്ചുവിനെ ഇറക്കി പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ്.

അരങ്ങേറ്റം കുറിച്ചതിന്റെ ആറാം മിനിറ്റിൽ ഫ്രാഞ്ചു ലക്ഷ്യം കണ്ടു. എബിന്റെ മറ്റൊരു അസിസ്റ്റിലായിരുന്നു ഗോൾ. സമനിലക്കായി ബംഗളൂരു ആവുംവിധം ശ്രമിച്ചെങ്കിലും ഗോൾ മടക്കാനായില്ല. എട്ട് മത്സരങ്ങളിൽ നാല് പോയന്റുമായി 13ാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ്. 14 പോയന്റുള്ള ബംഗളൂരു നാലാമതുണ്ട്. അതേസമയം, ചെന്നൈയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 3-1ന് ചെന്നൈ‍യിൻ എഫ്.സിയെ തകർത്തു.

Tags:    
News Summary - Kerala Blasters secure historic first win at Kanteerava, beating Bengaluru FC 2-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.