ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി പോകും

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌.സിയോട് സ്വന്തം തട്ടകത്തിൽ വഴങ്ങിയ കനത്ത തോൽവിയാണ് കറ്റാലയുടെ പുറത്തുപോക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ കഴിയാത്തതും കറ്റാലക്ക് തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് മാനേജ്‌മെന്റ് ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ കോച്ചും മാനേജ്‍മെന്റും തമ്മിൽ ധാരണയിലെത്തി. പകരം ആരാകും അടുത്ത കോച്ച് എന്ന കാര്യത്തിൽ ക്ലബ് വ്യക്തത വരുത്തിയിട്ടില്ല.

സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അതീവ നിരാശാജനകമായിരുന്നു. ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. 6 മത്സരങ്ങളിൽ നിന്നായി വെറും 1 പോയിന്റ് മാത്രമാണ് ടീമിന്‍റെ സമ്പാദ്യം. 14 ടീമുകളുള്ള ടൂർണമെന്‍റിന്‍റെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. 14 -ാമതുള്ള മുഹമ്മദൻസ് എഫ്.സി ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്. ഇത്തവണ ഐ.എസ്.എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ.എസ്.എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത.

Tags:    
News Summary - "Kerala Blasters Sacks Head Coach David Catala After String of Defeats"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.