കൊച്ചി: ഒഡീഷ എഫ്.സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനിടയിൽ ഗാലറിക്ക് അകത്തും പുറത്തുമുണ്ടായ ആരാധകരുടെ പ്രതിഷേധത്തിൽ പൊലീസ് ഇടപെട്ടതിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത്. തങ്ങൾ യാതൊരു വിധത്തിലുള്ള നിയന്ത്രങ്ങളും ഏർപ്പാടാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. ആരാധകരുടെ അഭിപ്രായങ്ങൾക്ക് ഇപ്പോഴും വില നൽകുന്നവരാണ് ഞങ്ങൾ. വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ വഴി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മത്സരത്തിനിടെ നടന്ന ആരാധകരുടെ പ്രതിഷേധത്തിൽ പൊലീസ് ഇടപെട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു തരത്തിലുള്ള ബന്ധവുമില്ല. പൊലീസിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ ഞങ്ങൾക്ക് അധികാരമോ അവകാശമോ ഇല്ല.
എന്തെങ്കിലും പൊതു പരിപാടികൾ നടക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ആരാധർക്ക് അവരുടെ നിലപാടുകൾ വ്യക്തമാക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ക്ലബ് വിശ്വസിക്കുന്നുണ്ട്. പൊതു സുരക്ഷയ്ക്ക് കോട്ടംതട്ടാതെ കാര്യങ്ങൾ വ്യക്തമാക്കുന്നതിനെ ഒരിക്കലും അടിച്ചമർത്തില്ലെന്ന് ക്ലബ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആരാധകരുടെ പ്രതിഷേധ പ്രകടനം അടിച്ചമർത്തുന്നതിനായി ക്ലബ് പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇത്തരം വാർത്തകൾ ക്ലബിന് മോശം പ്രതിച്ഛായ നൽകും. അതിനായി ശ്രമിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.
ആരാധകർക്ക് നല്ല അന്തരീക്ഷവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ക്ലബ് വളരെ ശ്രദ്ധിക്കാറുണ്ട്. ആരാധകരുടെ എല്ലാ തരത്തിലുള്ള അഭിപ്രായങ്ങളും ക്ലബ് സ്വീകരിക്കും. തങ്ങളെ മനസ്സിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രത്യേകം നന്ദി പറയുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വാർത്താക്കുറിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.