കൊച്ചി: ഐ.എസ്.എല്ലിൽ പത്തുപേരുമായി പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ചു. സ്വന്തം തട്ടകത്തിൽ തുടർച്ചയായ മൂന്നാം ജയം തേടി ഇറങ്ങിയ മഞ്ഞപ്പട മത്സരത്തിൽ ഒരു മണിക്കൂറും കളിച്ചത് പത്തുപേരുമായാണ്.
മോശം പെരുമാറ്റത്തിന്‍റെ പേരിൽ 30ാം മിനിറ്റിൽ പ്രതിരോധ താരം ഐബാൻ ഡോലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. പത്തുപേരിലേക്ക് ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. ഗോൾകീപ്പർ സചിൻ സുരേഷിന്‍റെ തകർപ്പൻ സേവുകളും ടീമിനെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തി.
കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എതിര്‍വല കുലുക്കിയെങ്കിലും അതിനുമുമ്പേ റഫറി ഫൗള്‍ വിധിച്ചു. 12ാം മിനിറ്റില്‍ അജാറിയിയും ജിതിനും ചേര്‍ന്ന് നടത്തിയൊരു നീക്കം ഡ്രിന്‍സിച്ച് കോര്‍ണറിന് വഴങ്ങി വിഫലമാക്കി. തുടക്കത്തിലേ ലീഡ് നേടാനായി ഇരു കൂട്ടരും മത്സരിക്കുകയായിരുന്നു, എന്നാൽ, കനത്ത പ്രതിരോധം എല്ലാ ശ്രമങ്ങളെയും വിഫലമാക്കി.
30ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ അലാദീന്‍ അജറായിയെ ഫൗള്‍ ചെയ്തതിനെ തുടർന്ന് ഐബന്‍ ഡോഹ്‌ലിങ് നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്. അംഗബലം കുറഞ്ഞെങ്കിലും മഞ്ഞപ്പടയുടെ കളിവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. 38ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നോഹ സദോയി ഒരു ഇടങ്കാലന്‍ ഷോട്ടുതിര്‍ത്തു, വല ലക്ഷ്യമായ പന്തിനെ എതിരാളികളുടെ കാവൽക്കാരൻ ഗുര്‍മീത് ഡൈവ് ചെയ്ത് ഗതിമാറ്റി, ബ്ലാസ്റ്റേഴ്‌സിന് കോര്‍ണര്‍. നായകൻ അഡ്രിയാൻ ലൂണയെടുത്ത കിക്കില്‍ മിലോസ് ഡ്രിന്‍സിച്ച് ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം പാളി. പിന്നാലെ നോർത്ത് ഈസ്റ്റിെൻറ അജറായിയുടെ ഒരു കരുത്തുറ്റ ഷോട്ട് സച്ചിന്‍ സുരേഷ് തട്ടിയകറ്റി.
ആദ്യ പകുതിയിൽ കണ്ട ആവേശത്തിെൻറ അതേ അളവിൽ തന്നെയായിരുന്നു രണ്ടാം പകുതിയിലും ഇരുടീമുകളും കാഴ്ച വെച്ചത്. എന്നാൽ, വലയിലെത്താതെകിടിലൻ ഷോട്ടുകളും സുന്ദരമായ സേവുകളും മാത്രമായി എല്ലാം ചുരുങ്ങി. 73ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഫ്രീകിക്ക് ഒരിക്കൽ കൂടി ലക്ഷ്യത്തിലെത്താതെ വിഫലമായി. 84ാം മിനിറ്റിൽ ലൂണക്കു പകരം ടീമിലെ പുതിയ താരം ദുസാൻ ലഗേറ്ററിനെ ഇറക്കി. 90ാം മിനിറ്റിൽ നോഹ സദോയിക്കു പകരം ജീസസ് ജെമിനിസ് ഇറങ്ങിയിട്ടും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
നിലവിൽ 17 മത്സരങ്ങളിൽനിന്ന് 21 പോയന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങളിൽനിന്ന് 25 പോയന്‍റുള്ള നോർത്ത് ഈസ്റ്റഅ അഞ്ചാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.