കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്.
മത്സരത്തിന്‍റെ 52ാം മിനിറ്റിൽ ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്. ജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയിൽനിന്ന് ബ്ലാസ്റ്റേഴ്സ് തലയുയർത്തി മടങ്ങുന്നത്. ജയമോ സമനിലയോ പിടിച്ച് പ്ലേ ഓഫിൽ കയറാമെന്നാഗ്രഹിച്ച മുംബൈക്ക് ഇനി പ്ലേ ഓഫിലേക്ക് ഒന്നൂടി ആഞ്ഞു കളിക്കേണ്ടി വരും.
ആദ്യ പകുതിയിൽ ആവേശമുയർത്തുന്ന മുന്നേറ്റങ്ങളോ പ്രകടനങ്ങളോ ഒന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടക്ക് അങ്ങിങ്ങായി ചില ഗോളടിശ്രമങ്ങൾ മാത്രം. 17ാം മിനിറ്റിൽ ഐബാൻബ ഡോലിങ് നൽകിയ ക്രോസ് മുംബൈയുടെ വലക്കു മുന്നിൽ വെച്ച് മിലോസ് ഡ്രിൻസിച്ച് ഹെഡ് ചെയ്തെങ്കിലും ഗോൾവലയുടെ കാവൽക്കാരനായ പുർബ ലചെൻപ കൈയിലൊതുക്കി. എതിർവശത്ത് ബിപിൻസിങ് ബോക്സിെൻറ ഇടതുഭാഗത്തുനിന്ന് തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി നോറ ഫെർണാണ്ടസും തടഞ്ഞിട്ടു. അതിനപ്പുറം കാര്യമായ ഗോൾശ്രമങ്ങളൊന്നുമില്ലാതെ മത്സരം ഗോൾരഹിത സമനിലയിൽ ഇടവേളയിലേക്ക്.
ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്. 52ാം മിനിറ്റിൽ മുംബൈയുടെ പ്രതിരോധ താരങ്ങളെയെല്ലാം വിദഗ്ധമായി കബളിപ്പിച്ച് പെപ്ര ഗോളുമായി മുന്നേറി. എന്നാൽ വിടാതെ തായിർ ക്രോമ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരത്തിന്‍റെ തോളോടു തോൾ ചേർന്നുണ്ടായിരുന്നു. ഒരു നിമിഷാർധത്തിെൻറ വേഗതയിൽ പെപ്ര വലംകാലുകൊണ്ട് പന്ത് ആഞ്ഞുതെറിപ്പിച്ചപ്പോൾ വലക്കു മുന്നിലുണ്ടായിരുന്ന ലചെൻപക്ക് നിസഹായനായി നിൽക്കേണ്ടി വന്നു.
മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 23 കളികളിൽ 28 പോയന്‍റാണ്. ജാംഷഡ്പൂർ എഫ്.സിക്കെതിരെ കലൂരിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്‍റെ വീഴ്ചയിൽ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂർണമായും തകർന്നത്.
പ്ലേ ഓഫിൽ കയറിപ്പറ്റാൻ സാധിച്ചില്ലെങ്കിലും സീസണിലുടനീളം നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ബ്ലാസ്റ്റേഴ്സ് നേതൃത്വം. 23 മത്സരങ്ങളില്‍നിന്ന് ഇതുവരെ 36 ഗോളുകളാണ് ടീം വഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.