ഐ.എസ്.എൽ അനിശ്ചിതത്വം; പ്രതിഷേധക്കളം തീർത്ത് മഞ്ഞപ്പട

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെ, അഖിലേന്ത്യ ഫുട്ബാർ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) നിരുത്തരവാദ സമീപനങ്ങൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത്. ഐ.എസ്.എൽ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി വിവിധ നീക്കങ്ങളാണ് മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നടത്തുന്നത്. വിവിധ ഐ.എസ്.എൽ. വിവിധ ക്ലബുകളുടെ ആരാധക കൂട്ടായ്മകളെ ഒത്തിണക്കി ഐ.എസ്.എൽ. ഫ്രറ്റേണിറ്റി എന്ന കൂട്ടായ്മ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ.

ആരാധക സ്നേഹത്തിന് പേരുകേട്ട ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടക്കു പുറമെ, ബ്ലാസ്റ്റേഴ്സ് ആർമി, ബംഗളുരുവിന്‍റെ ബി.എഫ്.സി ഹുഡുഗാരു, നോർത്ത് എൻഡ് ബ്ലൂസ്, എഫ്.സി ഗോവ ഫാൻക്ലബ്, ഈസ്റ്റ് ലോവർ ആർമി, ഹൈലാൻഡർ ബ്രിഗേഡ്, ഈസ്റ്റ് ബംഗാൾ ആർ.പി, റെഡ് മൈനേഴ്സ്, ഗൗർ ആർമി എന്നിവ ഈ കൂട്ടായ്മയിലുണ്ട്. കൂടുതൽ ഗ്രൂപ്പുകൾ വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഐ.എസ്.എൽ പ്രതിസന്ധിയുള്ള സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബാളിനും അതിന്റെ വളർച്ചക്കും ആരാധകർ ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്ന ചിന്തയിൽ നിന്നാണ് ഈ നീക്കമെന്ന് മഞ്ഞപ്പട പ്രസിഡൻറ് ജെ.എസ്. വിഷ്ണു പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാസ് മെയിൽ കാമ്പയിന്‍റെ ഭാഗമായി എ.ഐ.എഫ്.എഫിന് കൂട്ടത്തോടെ മെയിൽ അയക്കാനും ആരംഭിച്ചിട്ടുണ്ട്. ആരാധകർ മാത്രമല്ല, ഐ.എസ്.എൽ താരങ്ങളും സമൂഹത്തിന്‍റെ വിവിധ കോണുകളിലുള്ളവരും ഇതിന്‍റെ ഭാഗമായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തെ കുറിച്ച് ഫുട്ബാൾ സമൂഹത്തിന്റെ കൂട്ടായ ആശങ്ക അറിയിക്കാനും ശ്രദ്ധ ക്ഷണിക്കാനുമായി യുവജനകാര്യ- കായിക മന്ത്രാലയത്തിനും മറ്റ് അധികൃതർക്കും സന്ദേശങ്ങൾ അയച്ചും ഫ്രറ്റേണിറ്റി നിലപാട് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഫുട്ബാളുമായി ബന്ധപ്പെട്ട മന്ത്രാലയതല ഉദ്യോഗസ്ഥരെ കണ്ട് ആശങ്കകളും നിർദേശങ്ങളും നേരിട്ട് അവതരിപ്പിക്കുകയാണ് അടുത്ത പദ്ധതി. 

Tags:    
News Summary - ISL Fraternity formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.