കൊൽക്കത്ത: ഗോളടിക്കാൻ മറന്ന് കൊൽക്കത്ത മൈതാനത്ത് ഉഴറി നടന്ന മഞ്ഞപ്പടയെ കശക്കിവിട്ട് ഈസ്റ്റ് ബംഗാൾ. സമീപനാളുകളിലെ തോൽവിത്തുടർച്ചകളിൽനിന്ന് മോചനം തേടി സ്വന്തം തട്ടകത്തിൽ ബൂട്ടുകെട്ടിയ ആതിഥേയർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്.
ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന്റെ കണ്ണഞ്ചും സേവുകളില്ലായിരുന്നെങ്കിൽ തോൽവിയുടെ മാർജിൻ ഇതിലേറെ ഉയർന്നേനെ. ആദ്യ ആറിൽ ഇടം തേടിയെത്തിയ ബ്ലാസ്റ്റേഴ്സിന്റെ ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ് കളി നയിച്ച ഡയമന്റകോസും കൂട്ടരും ആദ്യാവസാനം ആക്രമണ ഫുട്ബാളുമായാണ് കേരള ടീമിനെ നേരിട്ടത്. സീസണിൽ ടീമിന്‍റെ ഒമ്പതാം തോൽവിയാണിത്.
മലയാളി താരം പി.വി.വിഷ്ണു (20ാം മിനിറ്റിൽ), ഹിജാസി മെഹർ (72) എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. ഡാനിഷ് ഫാറൂഖിയുടെ (84) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോൾ. തുടർച്ചയായ മൂന്നു തോൽവികൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ ജയിക്കുന്നത്. മത്സരത്തിൽ ആതിഥേയർ തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. 15ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ഡയമന്റകോസും 16ാം മിനിറ്റിൽ ക്ലീറ്റൻ സിൽവയും ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സചിൻ സുരേഷിനെ പരീക്ഷിച്ചു. മഹേഷും വിഷ്ണുവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കനത്ത തലവേദനയായി.
ഒടുവിൽ 20ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്‍റെ മുന്നേറ്റങ്ങൾക്ക് ഫലമുണ്ടായി. ക്ലീറ്റന്റെ അസിസ്റ്റിൽ നിന്നാണ് വിഷ്ണു ബംഗാളിനായി ലീഡെടുത്തത്. ബോക്സിനു മുന്നിലേക്ക് നീട്ടി നൽകിയ പന്ത് ഓടിയെടുത്ത വീഷ്ണു, മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ സചിനു മുകളിലൂടെ പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിട്ടു. ലൈനിൽ വെച്ച് പന്ത് രക്ഷപ്പെടുത്താനുള്ള കോറോയുടെ ശ്രമം വിജയിച്ചില്ല.
ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ തുടക്ക സമയങ്ങളിൽ ഫൈനൽ തേർഡിലേക്ക് പന്ത് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. 37ാം മിനിറ്റിൽ 40 വാര അകലെ നിന്നുള്ള സെലിസിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനാവാതെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ഒത്തിണക്കം കാണിച്ചെങ്കിലും നീക്കങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. 67ാം മിനിറ്റിൽ ബംഗാളിന്റെ നവോറം മഹേഷ് സിങ്ങിന്റെ ഗോൾ നീക്കം നേരിയ വ്യത്യാസത്തിലാണു പുറത്തേക്കുപോയത്.
72ാം മിനിറ്റിൽ ലഭിച്ച കോർണറിൽനിന്നാണ് ബംഗാളിന്റെ രണ്ടാം ഗോളെത്തിയത്. കോർണറില്‍നിന്ന് പന്തു ലഭിച്ച നവോറം മഹേഷ് സിങ് നൽകിയ ക്രോസിൽ, ഹിജാസി മെഹർ തലവച്ച് പന്ത് വലയിലെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ബോക്സിനുള്ളിൽ കൂട്ടപൊരിച്ചിലിനിടെ മുന്നിലെത്തിയ പന്താണ് ഡാനിഷ് ഫാറൂഖി വലയിലാക്കിയത്. അഡ്രിയൻ ലൂണയെടുത്ത ഫ്രീകിക്കാണ് ഗോളിലേക്ക് വഴി തുറന്നത്.
അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ താരങ്ങൾ പ്രതിരോധിച്ചു. നിലവിൽ 18 കളികളിൽ 21 പോയന്റുമായി എട്ടാം സ്ഥാനത്തുതന്നെയാണ് മഞ്ഞപ്പട. 11 മത്സരങ്ങളിൽ 17 പോയന്റുമായി 11ാമതാണ് ബംഗാൾ ടീം. 30ന് ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.