രണ്ടു വർഷത്തെ കരാറിൽ അടുത്തിടെ ടീമിലെത്തിച്ച ജോഷ്വ സത്തിരിയോയ്ക്കു പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റതോടെ മികച്ചൊരു മുന്നേറ്റക്കാരനെ തേടിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് ഒടുവിൽ പറ്റിയ ആളെ തന്നെ കണ്ടെത്തി. ജോഷ്വയുടെ പിന്‍വാങ്ങലോടെ, ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം മുന്നേറ്റത്തിൽ പന്തുതട്ടാനായി ഇഷാൻ പണ്ഡിതയെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നത്.
ഐഎസ്എല്ലിൽ പലപ്പോഴും സൂപ്പർ സബ്ബായെത്തി ഗോളടിച്ച ചരിത്രമുള്ള ഇഷാൻ പണ്ഡിത, കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ധാരണയിലെത്തിയതായി ഐ.എഫ്.ടി.ഡബ്ല്യൂ.സി മീഡിയയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.8 കോടി മാർക്കറ്റ് വാല്യൂയുള്ള താരവുമായി ടീമിന് ഇനി പേപ്പർ വർക്കുകൾ പൂർത്തിയാക്കേണ്ടതുണ്ട്. 25കാരനായ ഇന്ത്യൻ താരം സെൻട്രൽ ഫോർവേഡായാണ് കളിക്കാറുള്ളത്.
നേരത്തെ എഫ്.സി ഗോവയിലും നിലവിൽ ജംഷഡ്പൂർ എഫ്‌സിയിലുമാണ് താരം കളിക്കുന്നത്. മികച്ച പ്രകടനമായിരുന്നു ഇരു ടീമുകൾക്ക് വേണ്ടിയും പണ്ഡിത പുറത്തെടുത്ത്. എന്നാൽ, പണ്ഡിതയുമായുള്ള കരാർ നീട്ടില്ലെന്ന് ജെ.എഫ്.സി പ്രഖ്യാപിച്ചത് മുതൽ ബ്ലാസ്റ്റേഴ്സ് 25-കാരന്റെ പുറകെ കൂടിയിരുന്നു. അതേസമയം, ഈസ്റ്റ് ബംഗാളും പണ്ഡിതയെ നോട്ടമിട്ടിരുന്നു. ചെന്നൈയിൻ എഫ്.സി താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു.
ലോൺ സ്‌ട്രൈക്കർ എന്ന നിലയിലും സപ്പോർട്ട് സ്‌ട്രൈക്കറും എന്ന നിലയിലുമുള്ള പണ്ഡിതയുടെ വൈദഗ്ധ്യം ടീമിന്റെ ആക്രമണ സാധ്യതകൾ മെച്ചപ്പെടുത്തുക മാത്രമല്ല, മധ്യനിരയിലും മറ്റ് മറ്റും വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് ബ്ലാസ്റ്റേഴ്‌സിനെ അനുവദിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.