ലയണൽ മെസ്സി
ന്യൂയോർക്ക്: ഫുട്ബാളിന്‍റെ വിശ്വപോരാട്ടത്തിനു പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്ക് പരിക്കേറ്റെന്ന വാർത്ത ആരാധകരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.
മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) ഇന്‍റർമയാമി-ഫിലാഡൽഫിയ മത്സരത്തിനിടെ പരിക്കേറ്റ മെസ്സി കളി പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടിരുന്നു. ഗോൾമഴ വർഷിച്ച മത്സരത്തിൽ മയാമി നാലിനെതിരെ ആറു ഗോളുകൾക്കാണ് ജയിച്ചത്. എം.എൽ.എസിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന രണ്ടാമത്തെ മത്സരമാണിത്. ഇരുപകുതികളിലുമായി 10 ഗോളുകൾ. ആദ്യ പകുതിയിൽ മാത്രം എട്ടു ഗോളുകൾ. ഇതും റെക്കോഡാണ്. മയാമിക്കുവേണ്ടി യുറുഗ്വായ് താരം ലൂയിസ് സുവാരസും ഫിലാഡൽഫിയക്കുവേണ്ടി മിലാൻ ഇലോസ്കിയും ഹാട്രിക് നേടി.
മത്സരത്തിന്റെ 71ാം മിനിറ്റിലാണ് മെസ്സിക്ക് ഇടതു തുടയിൽ അസ്വസ്ഥത അനുഭവപ്പെടുന്നത്. പിന്നാലെ തന്നെ പിൻവലിക്കാൻ താരം തന്നെ ആവശ്യപ്പെടുകയായിരുന്നു. 73ാം മിനിറ്റിൽ താരത്തെ പിൻവലിച്ചു. സ്വയം നടന്നു തന്നെയാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. എന്നാൽ, ഡഗ് ഔട്ടിലേക്ക് പോകാതെ മെസ്സി നേരെ ഡ്രസ്സിങ് റൂമിലേക്ക് പോയതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. പരിക്ക് ഗുരുതരമാണോ, അതോ മുൻകരുതലിന്‍റെ ഭാഗമായാണോ മെസ്സി ഗ്രൗണ്ട് വിട്ടതെന്ന കാര്യം വ്യക്തമല്ല. ടീം അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ടീമിനൊപ്പം സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകർ നൽകുന്ന വിവരം. ഹാംസ്ട്രിങ്ങിൽ ചെറിയ അസ്വസ്ഥത തോന്നിയതിനാൽ കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ മെസ്സി മത്സരത്തിനിടെ സ്വയം പിന്മാറുകയായിരുന്നെന്നും നിലവിൽ പേശികൾക്ക് വലിയ പരിക്കുകളൊന്നും ഇല്ലെന്നുമാണ് അർജന്റീനയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴ കാരണം പിച്ച് മോശമായതിനാലാണ് മെസ്സിക്ക് ക്ഷീണം അനുഭവപ്പെട്ടതെന്നും മുൻകരുതൽ എന്ന നിലയിലാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും ഇന്റർ മയാമി പരിശീലകൻ ഗില്ലെർമോ ഹോയോസ് വ്യക്തമാക്കി.
പുറത്തുവരുന്ന വിവരങ്ങൾ ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും, അന്തിമ മെഡിക്കൽ റിപ്പോർട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താരത്തിന്‍റെ അവസാന ലോകകപ്പാണിത്. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിൽ അൾജീരിയ, ജോർഡാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ്. മയാമിയുടെ തട്ടകത്തിൽ മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇലോസ്കി വലകുലുക്കി ആരാധകരെ ഞെട്ടിച്ചു. ഒമ്പതാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വീണ്ടും ഇലോസ്കിയുടെ പ്രഹരം. സ്റ്റേഡിയം നിശബ്ദമായി. 12ാം മിനിറ്റിൽ ജർമൻ ബെർട്ടെറാമിയിലൂടെ മയാമി ഒരു ഗോൾ മടക്കി. അധികം വൈകാതെ ബ്രൂണോ ഡമിയാനി (19ാം മിനിറ്റിൽ) ഫിലാഡൽഫിയക്കുവേണ്ടി മൂന്നാം ഗോൾ നേടി. അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ ആദ്യ പകുതി. 28, 43 മിനിറ്റുകളിൽ സുവാരസും 41 ാം മിനിറ്റിൽ ബെർട്ടെറാമിയും മയാമിക്കായി ഗോൾ നേടി.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+7) ഇലോസ്കി ഹാട്രിക് പൂർത്തിയാക്കി. ഇരു ടീമുകളും 4-4 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. എം.എൽ.എസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ആദ്യ പകുതി. 80ാം മിനിറ്റിൽ സുവാരസ് ഹാട്രിക് ഗോൾ നേടി മയാമിയെ മുന്നിലെത്തിച്ചു. ഇൻജുറി ടൈമിൽ (90+2) റോഡ്രിഗോ ഡീപോൾ വലകുലുക്കി ടീമിന്‍റെ വിജയം ഉറപ്പിച്ചു. സുവാരസിന്‍റെ പഴയകാല പ്രതാപം ഓർമിപ്പിക്കുന്നതായിരുന്നു പ്രകടനം മെസ്സി ഗോൾ നേടിയില്ലെങ്കിലും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും മുന്നേറ്റങ്ങളിലൂടെ ഫിലാഡൽഫിയ പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.