മിലാൻ: ഇഞ്ചോടിഞ്ചിൽ ഒപ്പത്തിനൊപ്പം നിന്ന ഒന്നാംപാദത്തിലെ പൂട്ടുപൊളിക്കാനിറങ്ങിയവർ വീണ്ടും ഗോൾ മഴ പെയ്യിച്ചപ്പോൾ ഇൻജുറി ടൈമിൽ സമനിലയും അധിക സമയത്ത് വിജയവും ഫൈനൽ ടിക്കറ്റും കൈപ്പിടിയിലൊതുക്കി ഇന്റർ മിലാൻ. യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ മൂന്നിനെതിരെ നാല് ഗോളിനാണ് ഇറ്റാലിയൻ സംഘം കരുത്തരായ ബാഴ്സലോണയെ തകർത്തുവിട്ടത്. ഇരു പാദത്തിലുമായി പിറന്നത് 13 ഗോളുകളാണ്. ബാഴ്സലോണയിൽ നടന്ന ഒന്നാംപാദത്തിൽ ഇരു ടീമും 3-3ൽ പിരിഞ്ഞിരുന്നു. ഇന്റർ സ്വന്തം തട്ടകമായ സാൻ സിറോ സ്റ്റേഡിയത്തിൽ നേടിയ മുൻതൂക്കത്തിലൂടെ 7-6 അഗ്രഗേറ്റ് സ്കോറിലാണ് ഫൈനലിൽ കടന്നത്. മേയ് 31ന് മ്യൂണിക്കിലെ അലയൻസ് അറീനയിൽ നടക്കുന്ന കിരീടപ്പോരിൽ പി.എസ്.ജി-ആഴ്സനൽ രണ്ടാം സെമിയിലെ വിജയികളെ ഇന്റർ മിലാൻ നേരിടും.
ഇന്റർ രണ്ട് ഗോളിന്റെ ലീഡ് പിടിച്ച ആദ്യ പകുതിയിൽ കണ്ടത് ആതിഥേയരുടെ വാഴ്ചയായിരുന്നു. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ക്യാപ്റ്റൻ ലൗതാരോ മാർട്ടിനെസും മാർകസ് തുറാമും ചേർന്ന് ഇന്ററിന്റെ മുന്നേറ്റം നയിച്ചു. മറുതലക്കൽ ഫെറാൻ ടോറസും പിന്നെ റാഫിഞ്ഞയും ലമീൻ യമാലും ഡാനി ഒൽമോയുമൊക്കെയായി രംഗം കൊഴുത്തു. 21ാം മിനിറ്റിൽ മാർട്ടിനസിലൂടെ ഇന്റർ മുന്നിലെത്തി. ലീഡ് പിടിച്ച ആവേശത്തിൽ മുന്നേറവെ 42ാം മിനിറ്റിൽ മാർട്ടിനസിനെ പാവു കുബാർസി ബോക്സിൽ വീഴ്ത്തിയതിന് ഇന്ററിന് പെനാൽറ്റി. പ്രതിഷേധത്തിന്റെ അകമ്പടിയോടെ 45ാം മിനിറ്റിൽ കിക്കെടുത്ത ഹകാന്‍ കലഹാനൊഗ്ലൂ സ്കോർ ചെയ്തതോടെ ഇന്റർ ലീഡ് രണ്ടാക്കി.
രണ്ടാം പകുതിയിൽ സാൻ സിറോ സ്റ്റേഡിയം സാക്ഷിയായത് ബാഴ്സയുടെ തിരിച്ചുവരവിനാണ്. ആക്രമിച്ചു കളിച്ച കറ്റാലൻസ് ആറു മിനിറ്റിനിടെ മടക്കിയത് രണ്ടു ഗോൾ. ഇതോടെ കളി 2-2 (5-5). ഇന്റർ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി 54ാം മിനിറ്റിൽ എറിക് ഗാർഷ്യയുടെ തകർപ്പൻ ഫിനിഷിലൂടെ ബാഴ്സയുടെ ആദ്യ ഗോൾ. 60ാം മിനിറ്റിൽ മാർട്ടിന്റെ ക്രോസിൽ ഒൽമോ ബുള്ളറ്റ് വേഗത്തിൽ തലവെച്ചതോടെ യാൻ സോമർ കാവൽനിന്ന ഇന്ററിന്‍റെ വല തുളച്ചു. ക്രോസ് ബാറിന് കീഴിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സോമർ ഇടക്ക് ഗാർഷ്യയുടെ ശ്രമം തടഞ്ഞു. 69ാം മിനിറ്റിൽ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി വിസിൽ. വിഡിയോ പരിശോധനയിൽ പക്ഷേ, തീരുമാനം പിൻവലിച്ചു. യമാലിന്റെ അടിയും സോമർ തട്ടിയകറ്റിയതോടെ കളി ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ എക്സ്ട്രാ ടൈം സൂചനകൾ ലഭിച്ചുതുടങ്ങി. 87ാം മിനിറ്റിൽ റാഫിഞ്ഞ അവതരിച്ചു. പോസ്റ്റിന്റെ ഇടത് ഭാഗത്തുനിന്ന് റാഫിഞ്ഞയെടുത്ത ഷോട്ട് ഗോളി തടുത്തിട്ടു. റീബൗണ്ട് ചെയ്തുവന്ന പന്ത് ബ്രസീലിയൻ താരം തന്നെ ഗോളാക്കി മാറ്റി. ഇതോടെ ബാഴ്സ 2-3ന് (5-6) മുന്നിൽ.
എല്ലാം അവസാനിച്ചിടത്തുനിന്ന് ഇന്ററിന്റെ തിരിച്ചുവരവ്. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ പാസിൽനിന്ന് വലകുലുക്കിയ ആതിഥേയ താരം അചെർബി മത്സരം അധിക സമയത്തേക്ക് നീട്ടിയെടുത്തു (3-3). വിസിലിന് തൊട്ടുമുമ്പ് യമാലിന്റെ മറ്റൊരു അവസരം സോമർ നിഷേധിച്ചു. അധിക സമയം തുടങ്ങി 10 മിനിറ്റ് തികയുംമുമ്പേ ബാഴ്സയുടെ ഹൃദയം തകർത്ത് ഇന്ററിന്റെ വിജയ ഗോൾ വന്നു. 99ാം മിനിറ്റിൽ മെഹ്ദി തരേമിയുടെ അസിസ്റ്റിൽ ഡേവിഡ് ഫ്രറ്റേസിയുടെ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. 4-3ന് ഇന്റർ മുന്നിൽ. വീണ്ടും യമാലിന്റെ ഗോൾ ശ്രമങ്ങൾക്ക് സോമർ വിലങ്ങിട്ടതോടെ സാൻ സിറോയിലെ നിറഞ്ഞ ഗാലറി ആവേശത്തിമിർപ്പിലമർന്നു. 2023ലാണ് ഇന്റർ അവസാനമായി ഫൈനലിലെത്തിയത്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.