ഫ്ലോറിഡ: എം.എൽ.എസിൽ ഇന്റർ മയാമിക്ക് സമനില. ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിലാണ് ഗോൾ രഹിത സമനില വഴങ്ങിയത്. പരിക്ക് മൂലം സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം മോണ്ട് റിയലിനെതിരായ മത്സരത്തിൽ മെസ്സിക്ക് പരിക്കേറ്റിരുന്നു.
മെസ്സിയുടെ അഭാവത്തിൽ ലൂയി സുവാരസ്, റോബർട്ട് ടെയ്‍ലർ, മാർത്യാസ് റോജാസ് എന്നിവരാണ് മയാമിയുടെ മുന്നേറ്റം നയിച്ചത്. ഇരുടീമിനും അവസരങ്ങളേറെ ലഭിച്ച മത്സരത്തിൽ ഗോൾ നേടാനായില്ല. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്റർമയാമിക്ക് ഇന്നത്തെ മത്സരത്തിലെ സമനില ക്ഷീണമാകും. 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള മയാമിക്ക് പിന്നിലായി ഒരു മത്സരം കുറച്ച് കളിച്ച സിൻസിനാറ്റിക്ക് 27 പോയിന്റുണ്ട്.
അതേസമയം, മെസ്സിയുടെ പരിക്ക് ആരാധകരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയത്. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നതിനെ സംബന്ധിച്ച് ഒരു ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും കോപ്പ അമേരിക്ക പോലുള്ള മേജർ ടൂർണമന്റെുകൾ മുന്നിലുള്ളപ്പോൾ താരത്തിനേറ്റ പരിക്ക് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മോണ്ട് റിയലുമായുള്ള മത്സരത്തിൽ 40ാം മിനിറ്റിൽ ജോർജ് കാംബെലാണ് മെസ്സിയെ ഫൗൾ ചെയ്ത് വീഴ്ത്തുന്നത്. കാൽമുട്ടിനേറ്റ പരിക്ക് മൂലം താരത്തിന് കളംവിടേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.