ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ ഗുർപ്രീത്, സന്ദേശ് ജിങ്കാൻ, സുനിൽ ഛെത്രിൽ എന്നിവർ വീഡിയോ സന്ദേശത്തിൽ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ലോകഫുട്ബാൾ ബോഡിയായ ഫിഫക്ക് മുമ്പാകെ ദയനീയമായ അപേക്ഷയുമായി ഇന്ത്യൻ ഫുട്ബാളിലെ സൂപ്പർ താരങ്ങൾ. കഴിഞ്ഞ കാലങ്ങളിൽ മൈതാനങ്ങളിൽ മിന്നുന്ന പ്രകടനവുമായി ആരാധകർക്ക് ആനന്ദം പകർന്ന്, ഇന്ത്യൻ ഫുട്ബാളിന് നിറമുള്ള സ്വപ്നങ്ങൾ നെയ്ത സൂപ്പർ താരങ്ങളാണ് ഒരു വീഡിയോ സന്ദേശത്തിൽ രാജ്യത്തെ ഫുട്ബാളിന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട്, ഫിഫയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തു വന്നത്. ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി, ദേശീയ താരങ്ങളായ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ, മൻവീർ സിങ്, രാഹുൽ ഭേകെ ഉൾപ്പെടെ താരങ്ങളാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് ഇന്ത്യൻ ഫുട്ബാളിനെ രക്ഷിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയത്.
‘ഇത് ജനുവരി മാസം. ഇന്ത്യൻ സൂപ്പർലീഗിലെ മത്സരങ്ങളുമായി ഞങ്ങൾ നിങ്ങളുടെ സ്ക്രീനുകൾ നിറയേണ്ട സമയം..’ എന്ന വാക്കുകളുമായി ഗുർപ്രീത് സിംഗാണ് വീഡിയോയയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്.
ഭയവും നിരാശയംകൊണ്ട് എന്തെങ്കിലും ഉറക്കെ പറയാൻ പോലും ഞങ്ങൾക്ക് കഴിയാതായിരിക്കുന്നുവെന്ന് ഐ.എസ്.എൽ മുടക്കത്തിലൂടെ കളിക്കാർ നേരിടുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും വ്യക്താമക്കികൊണ്ട് സന്ദേശ് ജിങ്കാൻ പറയുന്നു.
പരിഹാരമില്ലാതെ തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച്, കളിക്കാർ, ജീവനക്കാർ, ഉടമകൾ, ആരാധകർ എന്നിവർ വ്യക്തതയും സംരക്ഷണവും ഫുട്ബാളിന്റെ ഭാവിയും ഉറപ്പാക്കണമെന്ന് സുനിൽ ഛേത്രിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ആവശ്യപ്പെടുന്നു.
‘ഏറ്റവും സുപ്രധാനമായ ഒരു അഭ്യർഥനയുമായാണ് ഞങ്ങൾ എത്തുന്നത്. ഇന്ത്യൻ ഫുട്ബാൾ അധികൃതർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്നില്ല. ഫുട്ബാൾ പൂർണമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുയാണ്. അതിൽ നിന്നും രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണിത്. അതിനാൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫ ഇടപെട്ട് ഇന്ത്യൻ ഫുട്ബാളിനെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. സൂറിച്ചിലെ അധികാരികളിലേക്ക് ഈ സന്ദേശം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ആഹ്വാനം രാഷ്ട്രീയ പരമല്ല. ഒരു ഏറ്റുമുട്ടലുമല്ല. പക്ഷേ, അനിവാര്യമായ അഭ്യർഥനയാണ്. ഇത് വലിയ ശബ്ദമായി തോന്നിയേക്കാം, പക്ഷേ, ഒരു മാനുഷിക, കായിക, സാമ്പത്തിക പ്രതിസന്ധിയുടെ മുഖത്താണ് ഞങ്ങൾ. അടിയന്തര ഇടപെടൽ ആവശ്യമാണ്. ഞങ്ങൾ ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്നു. ദയവായി സഹായിക്കൂ’ -വിവിധ താരങ്ങൾ പ്രത്യക്ഷപ്പെട്ട വീഡിയോ ഇന്ത്യയിലെയും ലോകഫുട്ബാളിലെയും അധികൃതരിലേക്കും ആരാധകരിലേക്ക് മുനയുള്ള ചോദ്യങ്ങൾ എറിയുന്നു.
പത്തു വർഷം പിന്നിട്ട ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിന്റെ ഭാവി അനിശ്ചിതമായി മുടങ്ങിയതോടെയാണ് അത്യപൂർവമായ നീക്കത്തിലൂടെ താരങ്ങൾ ഫിഫയുടെ സഹായം തേടുന്നത്.
വിവിധ താരങ്ങൾ തങ്ങളുടെ സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ച വീഡിയോക്കു താഴെ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനെതിരെ രൂക്ഷ വിമർശനവുമായാണ് ആരാധകർ പ്രതികരിക്കുന്നത്. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ രാജിയും ആവശ്യപ്പെടുന്നു.
2025 -26 സീസൺ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിട്ടും കളി എന്ന് ആരംഭിക്കുമെന്നോ, ഐ.എസ്.എൽ ഭാവി എന്തെന്നോ ഇതുവരെ വ്യക്തമല്ല. വിവിധ ക്ലബുകളും കളിക്കാരും തങ്ങളുടെ ഭാവി അനിശ്ചിതമായ അവസ്ഥയിലാണ്.
കഴിഞ്ഞയാഴ്ച എ.ഐ.എഫ്.എഫ് മുന്നോട്ട് വെച്ച താൽകാലിക പരിഹാര നിർദേശവുമായി സഹകാരിക്കാനും, വൈകിയെങ്കിലും ലീഗ് കളിക്കാനും 14ൽ 13 ഐ.എസ്.എൽ ക്ലബുകളും സന്നദ്ധത അറിയിച്ചിരുന്നു.
പത്തുവർഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഐ.എസ്.എൽ പ്രതിസന്ധിയിലായത്. പുതിയ കരാറുകാരെ കണ്ടെത്താൻ ഫെഡറേഷന് കഴിയാതായതോടെ സീസൺ കിക്കോഫ് അനിശ്ചിതമായി വൈകി. ഇതിനകം തന്നെ വിവിധ ക്ലബുകൾ വിദേശ താരങ്ങളെ ഒഴിവാക്കുകയും, പരിശീലനം നിർത്തിവെക്കുകയും ചെയ്ത അവസ്ഥയിലാണ്.
വാണിജ്യ പങ്കാളിയെ കണ്ടെത്താൻ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിൽ ഫെഡറേഷൻതന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
2025-26 സീസണിൽ ഹോം-എവേ മത്സരങ്ങളില്ലാതെ രണ്ടോ മൂന്നോ വേദികൾ കേന്ദ്രീകരിച്ച് ടുർണമെന്റ് നടത്താനാണ് താൽകാലിക ധാരണ. അതേസമയം, ഫെബ്രുവരി അഞ്ചിന് ഐ.എസ്.എൽ തുടങ്ങുമെന്ന് നേരത്തേ റപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തീയതികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.