കായികമന്ത്രാലയത്തിന്‍റെ മാനദണ്ഡം തിരിച്ചടി; തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമാകും

ന്യൂഡൽഹി: അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യൻ പുരുഷ ഫുട്ബാൾ ടീമിന് തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമായേക്കും. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡമാണ് തിരിച്ചടിയായത്. ചൈനയിലെ ഹാങ്ഷൗവിലാണ് ഇത്തവണ ഗെയിംസ് നടക്കുന്നത്.

മന്ത്രാലയം നിഷ്കർഷിക്കുന്ന ടീം ഇനങ്ങൾക്കുള്ള യോഗ്യത മാനദണ്ഡം ഫുട്ബാള്‍ ടീമിനില്ല. ഏഷ്യയിലെ മികച്ച എട്ടു ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു. നിലവിൽ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ റാങ്കിങ്ങിൽ ഇന്ത്യ 18ാം സ്ഥാനത്താണ്.

അതേസമയം, ഫുട്ബാളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെന്ന് സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു. ‘തീരുമാനം സർക്കാറിന്‍റേതാണ്. അത് അനുസരിച്ചേ പറ്റൂ. എങ്കിലും ഫുട്ബാളിന്‍റെ കാര്യത്തിൽ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും’ -ഷാജി പ്രഭാകരൻ പി.ടി.ഐയോട് പറഞ്ഞു.

ഒരു വർഷമായി ഇന്ത്യന്‍ ഫുട്ബാള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത് രാജ്യത്തെ ഫുട്ബാളിനും അണ്ടർ 23 ടീമിനും ഊർജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018ലെ ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി ഫുട്ബാള്‍ ടീമിനെ അയച്ചിരുന്നില്ല. തായ്‍ലന്‍ഡിലെ കിങ്സ് കപ്പിന് ശേഷം ദേശീയ സീനിയർ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ പരിശീലനത്തില്‍ അണ്ടർ 23 ടീമിനെ ഏഷ്യൻ കപ്പിനെ അയക്കാനായിരുന്നു അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നത്.

2002 മുതല്‍ ഏഷ്യൻ ഗെയിംസില്‍ അണ്ടർ 23 ഫുട്ബാള്‍ മത്സരമാണ് നടക്കുന്നത്. എന്നാൽ, മൂന്നു സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാകും.

Tags:    
News Summary - Indian football team set to miss Asian Games for second successive edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT