ഗുർകീരതിന്‍റെ തേരോട്ടം; സാഫ് അണ്ടർ-20 കിരീടം ഇന്ത്യക്ക്

ഭുവനേശ്വർ: ഹാട്രിക്കടക്കം നാലു ഗോളുകളുമായി കളംനിറഞ്ഞ ഗുർകീരത് സിങ്ങിന്റെ മികവിൽ സാഫ് അണ്ടർ-20 ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. കലാശക്കളിയിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ യുവനിര എതിരാളികളായ ബംഗ്ലാദേശിനെ തകർത്തത്. അധികസമയത്തേക്ക് നീണ്ട കളിയിലായിരുന്നു മിന്നുംജയം.

ആദ്യപകുതിയിൽ 1-1നും നിശ്ചിത സമയത്ത് 2-2നും തുല്യനില പാലിച്ചശേഷമാണ് ഇന്ത്യൻ താരങ്ങൾ എക്സ്ട്രാ ടൈമിൽ വർധിതവീര്യത്തോടെ ആഞ്ഞടിച്ചത്. ഒന്നാം മിനിറ്റിൽതന്നെ ഗുർകീരതിലൂടെ മുന്നിലെത്തിയ ആതിഥേയർക്കെതിരെ 44-ാം മിനിറ്റിൽ റജോൻ ഹൗലാദറാണ് സമനിലഗോളിലേക്ക് വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷാഹിൻ മിയയിലൂടെ ബാംഗ്ലാദേശ് മുന്നിലെത്തി. 60-ാം മിനിറ്റിൽ തകർപ്പൻ വലങ്കാലൻ ഷോട്ടിലൂടെ ഗുർകീരത് സമനിലഗോൾ കുറിച്ചു. പിന്നീട് അന്തിമ വിസിൽ വരെ ഇരുനിരയും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു.



അധിക സമയത്തിന്റെ രണ്ടാം മിനിറ്റിലാണ് എതിർപ്രതിരോധം കീറിമുറിച്ച് ഹർഷ് പത്രേ നൽകിയ പാസിൽ ഹിമാൻഷു ജാഗ്ര ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്. ഹിമാൻഷുവി​ന്റെ പാസിൽനിന്ന് 94-ാം മിനിറ്റിൽ ഗുർകീരത് ഹാട്രിക് തികച്ചു. 99-ാം മിനിറ്റിൽ രണ്ട് എതിർഡിഫൻഡർമാരെ കടന്നുകയറി ഗുർകീരത് 30 വാര അകലെ നിന്ന് തൊടുത്ത കണ്ണഞ്ചിക്കുന്ന ലോങ്റേഞ്ചർ വെടിച്ചില്ലു കണക്കേ, ബംഗ്ലാ വലയുടെ മോന്തായത്തിലേക്ക് പാഞ്ഞുകയറിയതോടെ ഇന്ത്യ തകർപ്പൻ ജയവും കിരീടവും ഉറപ്പിക്കുകയായിരുന്നു.

Tags:    
News Summary - India won SAFF U-20 Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.