കൊൽക്കത്ത: അഞ്ചാം തവണയും ഏഷ്യാ കപ്പിന് യോഗ്യത നേടി ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ ഫുട്ബാൾ ടീം. ചൊവ്വാഴ്‌ച ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടുന്നതിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യതയുറപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ ഫലസ്തീൻ പരാജയപ്പെടുത്തിയതാണ് ടീമിന് തുണയായത്.
ആറ് പോയന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാമതാണ് ഇന്ത്യ. ഹോങ്കോങ്ങിനും ഇതേ പോയന്റാണെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലെത്തുകയായിരുന്നു. മികച്ച രണ്ടാം സ്ഥാനക്കാരായ ആറ് ടീമുകളിൽ അഞ്ചിനും ഏഷ്യാകപ്പിന് ബർത്ത് ഉറപ്പായതിനാൽ രണ്ടാം സ്ഥാനത്താണെങ്കിലും ടീം ഫൈനൽസിലേക്ക് യോഗ്യത നേടുകയായിരുന്നു.
കൊൽക്കത്തയിൽ നടന്ന ആദ്യ യോഗ്യത മത്സരത്തിൽ കംബോഡിയയെ 2-0ത്തിന് പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ 2-1നും തകർത്തു. ടീം ഇതുവരെ നേടിയ നാല് ഗോളുകളിൽ മൂന്നും വലയിലാക്കിയത് ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ്.
ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് എ.എഫ്.സി ഏഷ്യാ കപ്പ്. 24 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക. നേരത്തെ 13 ടീമുകൾ യോഗ്യത നേടിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഹോങ്കോങ്ങിനെതിരെ വിജയിച്ച് ഗ്രൂപ്പ് ജേതാക്കളാകാനാകും ഇന്ത്യയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.