ഹാങ്ഷൂ: മതിയായ വിശ്രമമോ ഒരു ദിവസത്തെ പരിശീലനമോ ഇല്ലാതെ ഇന്ത്യൻ യുവനിര ഏഷ്യാകപ്പ് ഫുട്ബാളിൽ കന്നിയങ്കത്തിനിറങ്ങുന്നു. ഏറെ വൈകിമാത്രം പ്രഖ്യാപനം വന്ന ടീമിന് കരുത്തരായ ആതിഥേയരാണ് എതിരാളികൾ. ഐ.എസ്.എൽ ടീമുകൾ പ്രമുഖരെ വിട്ടുനൽകാൻ വിസമ്മതിച്ചതോടെ ആശങ്കകൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് ടീമായത്.
ഇവരിൽതന്നെ സീനിയർ താരങ്ങളായ കൊൻസം ചിംഗ്ലൻസാന സിങ്, ലാൽചുങ്നുംഗ എന്നിവരുടെ വിസ തയാറാകാത്തതിനാൽ ചൊവ്വാഴ്ച ഇറങ്ങാനാകില്ല. ഒന്നുരണ്ട് ദിവസത്തിനകം ടീമിനൊപ്പം ചേരുമെന്നാണ് ഒടുവിലെ അറിയിപ്പ്. സന്ദേശ് ജിങ്കാൻ, സുനിൽ ഛേത്രി എന്നിവരും ആദ്യ കളിയിലുണ്ടാകില്ല. ബംഗ്ലദേശിനെതിരെ സെപ്റ്റംബർ 21നും മ്യാന്മറിനെതിരെ 24നുമാണ് ഗ്രൂപ്പിലെ അടുത്ത മത്സരങ്ങൾ.
ഏറ്റവുമൊടുവിൽ ചൈനക്കെതിരെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇറങ്ങിയത് 2002ലാണ്. ബൈചുങ് ഭൂട്ടിയ, ജോ പോൾ അഞ്ചേരി, റെനഡി സിങ്, മഹേഷ് ഗാവ്ലി തുടങ്ങി പ്രമുഖരിറങ്ങിയ കളിയിൽ പക്ഷേ, അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. ഇത്തവണ പക്ഷേ, കൂടുതൽ ദുർബലരാണ് ടീം എന്നതാണ് കോച്ച് സ്റ്റിമാക്കിനെ മുൾമുനയിൽ നിർത്തുന്നത്.
ആദ്യം പ്രഖ്യാപിച്ച 22 അംഗ ടീമിൽ 13 പേരും ടീമുകൾ വിട്ടുനൽകാത്തതിനെ തുടർന്ന് ക്യാമ്പിലെത്തിയിരുന്നില്ല. അതോടെ, പുതിയ ടീമിനെ കണ്ടെത്താൻ നിർബന്ധിതരാകുകയായിരുന്നു. അഞ്ചു മണിക്കാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.