ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ
ദുബൈ: സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം കീഴടക്കിയ ശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ പോർചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാൾഡോക്ക് അതും പുതിയൊരു ലോകമായിരുന്നു. ഭാഷ മുതൽ മണ്ണും സംസ്കാരവും വരെ പുതുമയുള്ളത്. പുതിയ മണ്ണിൽ കളിച്ച് നേട്ടങ്ങളുടെ കൊടുമുടിയേറുമ്പോൾ ആ നാടിനെയും സംസ്കാരത്തെയും ഹൃദയത്തിലേറ്റുന്നതാണ് ക്രിസ്റ്റ്യാനോയുടെ ശൈലി. സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റിനായി കളിക്കളത്തിലിറങ്ങുമ്പോൾ സഹതാരങ്ങൾ കൈകൾ ഉയർത്തി പ്രാർഥികുന്നു മാതൃക പിന്തുടർന്നും, അറബ് വേഷമണിഞ്ഞും ക്രിസ്റ്റ്യാനോ അതിശയിപ്പിച്ചു.
ഇപ്പോൾ അറബ് വാക്കുകൾ കടമെടുത്ത് വേദിയിയിൽ സംസാരിക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ മികച്ച മിഡിൽ ഈസ്റ്റ് താരത്തിനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ സംസാരത്തിലാണ് ക്രിസ്റ്റ്യാനോ ഏവരെയും ഞെട്ടിച്ചത്.
കരിയറിലെ തന്റെ സ്വപ്നങ്ങളും ലക്ഷ്യവും പങ്കുവെച്ചുകൊണ്ട് അറബികളും മുസ്‍ലികളും പൊതുവെ ഉപയോഗിക്കുന്ന വാക്കായ ‘ഇൻഷാ അല്ലാഹ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം പ്രസംഗം അവസനിപ്പിച്ചത്.
‘കൂടുതൽ ട്രോഫികൾ നേടണം. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ ആ നമ്പറും എത്തിപ്പിടിക്കണം. പരിക്കുകളിലെങ്കിൽ, തീർച്ചയായും ആ നമ്പറിൽ ഞാൻ എത്തും, ഇൻഷാ അല്ലാഹ്’- നിറഞ്ഞ കൈയടികൾക്കിടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
നിലവിൽ കരിയർ ഗോൾ എണ്ണം 956ൽ എത്തിയ ക്രിസ്റ്റ്യാനോ 1000 ഗോൾ എന്ന വലിയ നേട്ടത്തിൽ നിന്നും 44 ഗോളുകൾ മാത്രം അകലെയാണിപ്പോൾ. ഫുട്ബാൾ ചരിത്രത്തിൽ ആരും എത്തിപ്പിടിക്കാത്ത ആയിരം ഗോൾ എന്ന നേട്ടം അധികം വൈകാതെ സ്വന്തമാക്കുമെന്നാണ് ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിലൂടെ ക്രിസ്റ്റ്യോനോ പങ്കുവെക്കുന്നത്.
ഗോൾ എണ്ണത്തിനും കിരീട നേട്ടത്തിനും അപ്പുറം മധ്യപൂർവേഷ്യൻ ഫുട്ബാളിന് ഉയിർത്തെഴുന്നേൽപ് നൽകിയതിനുള്ള അംഗീകാരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗ്ലോബ് സോക്കർ പുരസ്കരം തുടർച്ചയായി മൂന്നാം തവണയും സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.