മെസ്സി @ 35

ബ്വേനസ് ഐറിസ്: കാലിൽ വരച്ച കാൽപന്തിന്റെ മായിക ചിത്രങ്ങളുമായി രണ്ടു പതിറ്റാണ്ടായി ലോകം ജയിച്ചുനിൽക്കുന്ന ഇതിഹാസത്തിന് 35. സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക​ മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച അർജന്റീന താരത്തിന് ​ജൂൺ 24നാണ് 35ാം പിറന്നാൾ.

രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടെ എണ്ണമറ്റ റെക്കോഡുകൾ നെഞ്ചോടു ചേർത്ത് സമീപ കാല ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മെസ്സി. ബാഴ്സലോണയുടെ കുട്ടിക്കൂട്ടങ്ങളെ കാൽപന്തു ലോകത്തേക്ക് വഴി നടത്തിയ ലാ മാസി അക്കാദമിയിൽ തുടങ്ങി 17ാം വയസ്സിലാണ് സീനിയർ ടീമിന്റെ ഭാഗമായത്.

​മെസ്സി മികവിൽ 2014 ൽ ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീന 2021ൽ കോപ കിരീടവും സ്വന്തമാക്കി. നീണ്ട കാലം ജഴ്സിയണിഞ്ഞ ബാഴ്സലോണയാകട്ടെ, മെസ്സിക്കൊപ്പം ഷെൽഫിലെത്തിക്കാത്ത നേട്ടങ്ങളില്ല.

2009ൽ ആദ്യമായി ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ബാലൺ ദി ഓർ സമ്മാനിക്കപ്പെട്ട ശേഷം ശേഷം 2010, 2011, 2012 വർഷങ്ങളിലായി തുടർച്ചയായ മൂന്നു തവണ കൂടി നേടി. സുവാരസിനും ​നെയ്മർക്കുമൊപ്പം എം.എസ്.എൻ ത്രയം ​നിറഞ്ഞുനിന്ന സുവർണ കാലത്ത് ബാഴ്സ ലോകം ഇമ വെട്ടാതെ കൺപാർക്കുന്ന ടീമായി. 2015ൽ പിന്നെയും ബാലൺ ദി ഓർ നേടിയ ശേഷം 2019ൽ ആറാമതും സ്വന്തമാക്കി റെക്കോഡുമിട്ടു. ബാഴ്സ നിരയിൽ 724 കളികലൊയി നേടിയത് 630 ഗോളുകൾ. അതുവഴി സ്പാനിഷ് ലീഗുകളിലെ സമാനതകളില്ലാത്ത ടോപ് സ്കോറർ. ലാ ലിഗയിലും 445 അടിച്ച് ടോപ് സ്കോറർ. അർജന്റീനക്കായി 80 ഗോൾ നേടി ടീമിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ പട്ടവും മാറോടു ചേർത്തു.


അർജന്റീന ഇതിഹാസം ഡീഗോ മറഡോണ തന്റെ പിൻഗാമിയായി വാഴ്ത്തിയ മെസ്സി 2012ൽ 69 കളികളിൽനിന്നായി നേടിയത് 91 ഗോളുകൾ. ഒരു കലണ്ടർ വർഷം ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറിന് അങ്ങനെ ഗിന്നസ് ബുക്കിലുമേറി. ഒരു വർഷം ബാലൺ ദി ഓറിനു പുറ​മെ ഫിഫ ലോക താരം, ലാ ലിഗയി​ലെ മികച്ച താരത്തിനുള്ള പിച്ചിച്ചി ട്രോഫി, ഗോൾഡൻ ബൂട്ട് പുരസ്കാരം എന്നിവയും സ്വന്തമാക്കി അപൂർവ നാഴികക്കല്ലും പിന്നിട്ടു. 2009-10 സീസണിലായിരുന്നു ചരിത്രം കാത്തുനിന്ന ആ നേട്ടം.

ഇത്രയും ഗോളുകൾ സ്വന്തമായി അടിച്ചുകയറ്റിയതിനൊപ്പം തളികയിലെന്ന പോലെ നൽകുന്ന അസിസ്റ്റുകളുമായി ടീമിന്റെ ​​േപ്ലമേക്കറുമായി. 568 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. അതും ചരിത്രത്തിൽ സമാനതകളില്ലാത്തത്.

ഏറെ കാലം പന്തുതട്ടിയ ബാഴ്സവിട്ട് കഴിഞ്ഞ സീസണിൽ പി.എസ്.ജിക്കൊപ്പമെത്തിയ താരം കളി മികവും പ്രതിഭയുമായി ഇനിയുമേറെ വർഷങ്ങൾ ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച് പറന്നുനടക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Happy Birthday to lionel messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.