എർലിങ് ഹാലണ്ടിന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം

മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ എർലിങ് ഹാലണ്ടിന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. പ്രീമിയർ ലീഗിൽ അരങ്ങേറ്റ സീസണിൽ തന്നെ സിറ്റിക്കായി 35 മത്സരങ്ങളിൽനിന്ന് 36 ഗോളുകൾ നേടി നോർവീജിയൻ താരം റെക്കോഡ് കുറിച്ചിരുന്നു.

ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടമാണ് 22കാരൻ സ്വന്തമാക്കിയത്. ആൻഡി കോളും അലൻ ഷിയററും പങ്കിട്ട മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള 34 ഗോളുകളുടെ റെക്കോഡാണ് തകർത്തത്. സീസണിൽ എട്ട് അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. സിറ്റിയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടത്തിൽ ഹാലണ്ടിന്‍റെ പ്രകടനം നിർണായകമായി.

സീസണിൽ സിറ്റിക്കായി താരം വലകുലുക്കാത്തത് വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രം. പൊതുജനങ്ങളും 20 പ്രീമിയർ ലീഗ് ക്ലബുകളുടെ നായകന്മാരും ഫുട്ബാൾ വിദഗ്ധരുടെ പാനലും ചേർന്നാണ് താരത്തെ പ്ലെയർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത്. ഫുട്‌ബാൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബാളർ ഓഫ് ദ ഇയർ അവാർഡിനും ഹാലണ്ട് അർഹനായിരുന്നു. 80 ശതമാനം വോട്ടുകളാണ് താരം നേടിയത്.

അവസാന നാല് സീസണിലും സിറ്റി താരങ്ങൾക്ക് തന്നെയായിരുന്നു പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം. 2019-20, 2021-22 വർഷങ്ങളിൽ കെവിൻ ഡി ബ്രൂയ്‌നും 2020-21ൽ റൂബൻ ഡയസുമാണ് ഈ പുരസ്‌കാരം നേടിയത്. 2011-12ൽ വിൻസെന്റ് കൊമ്പനിയും സിറ്റിക്കു വേണ്ടി പുരസ്‌കാരം നേടിയിരുന്നു.

Tags:    
News Summary - Haaland wins Premier League Player of the Year award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.