ദോഹ: കാൽപന്തു കളിയുടെ വിശ്വമേളക്ക് ഖത്തർ കിക്കോഫ് കുറിക്കും മുമ്പേ നാളെയുടെ താരങ്ങളാവാൻ ഒരുങ്ങുന്ന സ്കൂൾ വിദ്യാർഥികൾക്കായി ലോകകപ്പ് പോലൊരു വമ്പൻ ഫുട്ബാൾ മേളയൊരുക്കി 'ഗൾഫ് മാധ്യമം'. ഖത്തറിലെ വിവിധ രാജ്യക്കാരായ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന 'ഖത്തർ സോക്കർ കപ്പ് 2022'ന് ഒരുക്കങ്ങൾ അണിയറയിൽ സജീവമാകുന്നു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള 32 സ്കൂൾ ടീമുകളാണ് നവംബർ നാല്, അഞ്ചു തീയതികളിൽ നടക്കുന്ന ഗൾഫ് മാധ്യമം 'ഖത്തർ സോക്കർ കപ്പ് 2022'ൽ ബൂട്ടുകെട്ടുന്നത്. അമേരിക്കൻ, ബ്രിട്ടീഷ്, ഖത്തരി, ഇന്ത്യൻ, ഫിലിപ്പീൻസ് തുടങ്ങിയ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും.
ലോകഫുട്ബാളിലെ ഏറ്റവും മികച്ച ടീമുകളുടെയും താരങ്ങളുടെയും പട്ടാഭിഷേകമായി 'ഫിഫ ലോകകപ്പ് ഫുട്ബാൾ നവംബർ 20ന് കിക്കോഫ് കുറിക്കാനിരിക്കെയാണ് ഏറ്റവും മികച്ച സ്കൂൾ ടീമിനെ തേടി ഗൾഫ് മാധ്യമം സോക്കർ കപ്പിന് കളമൊരുങ്ങുന്നത്. ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂളുകളിലാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിന് പന്തുരുളുന്നത്. മികച്ച പരിശീലനവും തയാറെടുപ്പുമായി ഒരുങ്ങുന്ന ടീമുകളാവും ഓരോ സ്കൂളിനെയും പ്രതിനിധാനംചെയ്ത് പന്തുതട്ടുന്നത്.
12ാം തരം വരെയുള്ള വിദ്യാർഥികൾ ഉൾപ്പെടുന്നതാവും സ്കൂൾ ടീമുകൾ. വിജയികളാവുന്ന ടീമിന് ട്രോഫികളും വിവിധ വിഭാഗങ്ങളിലായി മികവ് പ്രകടിപ്പിക്കുന്ന കൗമാര താരങ്ങൾക്ക് വ്യക്തിഗത മികവിനുള്ള ട്രോഫികളും സമ്മാനിക്കും. മത്സരത്തിന്റെ ഭാഗമായി കൾച്ചറൽ പരേഡ്, സ്കൗട്ട്, പെൺകുട്ടികൾക്ക് പെനാൽറ്റി ഷൂട്ടൗട്ട് എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.