ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: ലോകകപ്പിന്റെ തിരക്കിനെ അതിവേഗത്തിൽ കൈകാര്യംചെയ്യാൻ രാജ്യത്തെ ഹമദ്, ദോഹ വിമാനത്താവളങ്ങൾ സജ്ജമാണെന്ന് അധികൃതർ. മണിക്കൂറിൽ 5700 യാത്രക്കാരെ സ്വീകരിക്കാൻ രണ്ടു വിമാനത്താവളങ്ങളിലുമായി കഴിയുമെന്ന് വിമാനത്താവളം ആഗമന-നിർഗമന വിഭാഗം സീനിയർ മാനേജർ സാലിഹ് അൽ നിസ്ഫ് പറഞ്ഞു.
അൽകാസ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ലോകകപ്പിനു മുമ്പും ലോകകപ്പ് വേളയിലും വൻതോതിൽ സഞ്ചാരികളെ സ്വീകരിക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളവും അടുത്തിടെ നവീകരണം പൂർത്തിയാക്കി സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളവും തയാറായതായി അറിയിച്ചത്.
ഹമദ് വിമാനത്താവളത്തിൽ മണിക്കൂറിൽ 3700 യാത്രക്കാർക്ക് ഇറങ്ങാനും നടപടികൾ പൂർത്തിയാക്കി പുറത്തെത്താനും കഴിയും. ബസ്, മെട്രോ, ടാക്സി, ഉബർ ഉൾപ്പെടെ യാത്രാസൗകര്യങ്ങൾ ഉപയോഗിച്ചോ സുഹൃത്തുക്കളുടെ വാഹനങ്ങൾ വഴിയോ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താവുന്നതാണ്.
ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ മണിക്കൂറിൽ 2000 യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ട്. ബസ്, ടാക്സി സർവിസിനു പുറമെ, അടുത്തുള്ള മെട്രോ സ്റ്റേഷനിൽ എത്തിക്കാനായി ഷട്ട്ൽ ബസ് സർവിസും ലഭ്യമാണ്. ഇതിനു പുറമെ, അടുത്തുള്ള മെട്രോസ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നടപ്പാലവുമുണ്ടെന്നും അൽ നിസ്ഫ് പറഞ്ഞു.
നവംബർ ഒന്നു മുതൽ ഹയാ കാർഡ് വഴി കാണികൾ ഖത്തറിലെത്തിത്തുടങ്ങും. 20നാണ് ലോകകപ്പിലെ ആദ്യ മത്സരമെങ്കിലും നേരത്തേതന്നെ കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനം വഴിയാവും ലോകകപ്പിനെത്തുന്നത്. ഗൾഫ് വിമാനക്കമ്പനികളുമായി സഹകരിച്ച് സൗദി, യു.എ.ഇ, കുവൈത്ത്, ഒമാൻ രാജ്യങ്ങളിൽനിന്ന് ഷട്ട്ൽ ൈഫ്ലറ്റ് സർവിസും ആരംഭിക്കും. പ്രതിദിനം 90ഓളം സർവിസുകളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു മാത്രമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.