തോൽവിയുടെ നിരാശയിൽ ജർമൻ താരം
ലണ്ടൻ: യൂറോപ്പിലെ വമ്പന്മാർകൂടി കളത്തിലിറങ്ങിയതോടെ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ പോരാട്ടങ്ങൾക്ക് ചൂടേറി. രണ്ടു ദിവസങ്ങളിലായി നടന്ന യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിൽ മുൻചാമ്പ്യന്മാരായ ജർമനിക്ക് അടിതെറ്റിയപ്പോൾ, കരുത്തരായ സ്പെയിൻ, ബെൽജിയം, ഫ്രാൻസ് ടീമുകൾക്ക് വിജയക്കുതിപ്പ്.
ഗ്രൂപ്പ് ‘എ’യിലെ മത്സരത്തിൽ െസ്ലാവാക്യയാണ് ജർമനിയെ 2-0ത്തിന് തകർത്തത്. െസ്ലാവാക്യയിലെ ബ്രാതിസ്ലാവിൽ നടന്ന മത്സരത്തിൽ 42ാം മിനിറ്റിൽ ഡേവിഡ് ഹൻകോ, 55ാം മിനിറ്റിൽ ഡേവിഡ് സ്‍ട്രിലെക് എന്നിവരുടെ ഗോളിലായിരുന്നു ജർമനിയെ വീഴ്ത്തിയത്. ഗ്രൂപ്പ് ‘എ’യിലെ ആദ്യ മത്സരമായിരുന്നു ഇത്. തലമുറ മാറ്റത്തിന്റെ പാതയിലായ ജർമൻ ടീമിനും കോച്ച് യൂലിയൻ നഗ്ൾസ്മാനും ഏറെ ക്ഷീണമുണ്ടാക്കുന്നതാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ അങ്കത്തിലെ തോൽവി. ജോഷ്വ കിമ്മിഷ്, വോൾട്മെയ്ഡ്, നാബ്രി, ഗൊരസ്ക ഉൾപ്പെടെ താരനിരയുമായിറങ്ങിയ ജർമനിക്ക് ആക്രമണത്തിന് മൂർച്ചയില്ലാതെ പോയി. അവസരം മുതലെടുത്തായിരുന്നു െസ്ലാവാക്യൻസ് നിർണായകമായ രണ്ട് ഗോളുകളും സ്കോർ ചെയ്തത്.
2014ൽ ഉൾപ്പെടെ നാലു തവണ ലോകചാമ്പ്യന്മാരായ ജർമനി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വഴങ്ങുന്ന നാലാമത്തെ തോൽവിയാണിത്. ഒരു തോൽവി പോലുമില്ലാതെ വ്യക്തമായ മേധാവിത്വത്തോടെ ഫൈനൽ റൗണ്ട് ഉറപ്പിക്കുന്നവർക്ക് ഇത്തവണ പതിവുകൾ തെറ്റി. 1934 ലെ ആദ്യ ലോകകപ്പ് പങ്കാളിത്തം മുതൽ സജീവമായുള്ള ജർമനി 105 യോഗ്യതാ മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 1930, 1950 ലോകകപ്പുകളിൽ രാജ്യം വിട്ടു നിന്നപ്പോൾ മറ്റു ടൂർണമെന്റുകളിലെല്ലാം ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായിരുന്നു. 1985ൽ പോർചുഗൽ, 2001ൽ ഇംഗ്ലണ്ട്, 2021ൽ നോർത് മാഴ്സിഡോണിയ എന്നിവരായിരുന്നു യോഗ്യതാ റൗണ്ടിൽ ഇതുവരെയായി ജർമനിയെ വീഴ്ത്തിയത്.
ഗ്രൂപ്പ് ‘ജെ’യിൽ ബെൽജിയം 6-0ത്തിന് ലിഷൻസ്റ്റീനെ തോൽപിച്ചു. യൂറി ടെലമാൻസ് രണ്ടും, കെവിൻ ഡിബ്രുയിൻ ഉൾപ്പെടെ താരങ്ങൾ ഓരോ ഗോളും നേടി ബെൽജിയത്തിന്റെ കുതിപ്പിന് അടിത്തറ പാകി. ഗ്രൂപ്പ് ‘ഇ’യിൽ സ്പെയിൻ ബൾഗേറിയയെ 3-0ത്തിന് തോൽപിച്ചു. മൈകൽ മെറിനോ, മാർക് കുകുറെല്ല, മികെൽ ഒയാർസബൽ എന്നിവർ ഓരോ ഗോളുമായി സ്പാനിഷ് വിജയത്തിന് നേതൃത്വം നൽകി. ലമിൻ യമാൽ, നികോ വില്യംസ് ഉൾപ്പെടെ താരങ്ങളും സ്പെയിനിനായി കളത്തിലിറങ്ങി.
ഗ്രൂപ്പ് ‘ഡി’യിൽ മുൻ ലോകജേതാക്കളായ ഫ്രാൻസ് 2-0ത്തിന് യുക്രെയ്നെ തോൽപിച്ചു. കിലിയൻ എംബാപ്പെയും മൈകൽ ഒലിസയുമാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. ഇതേ ഗ്രൂപ്പിൽ ഐസ്‍ലൻഡ് 5-0ത്തിന് അസർബൈജാനെ തോൽപിച്ചു.
ഗ്രൂപ്പ് ഐയിൽ ഇറ്റലി 5-0ത്തിന് എസ്തോണിയയെ തോൽപിച്ച് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ഇതേ ഗ്രൂപ്പിൽ നോർവെയും, ഇസ്രായേലുമാണ് മുൻനിരയിലുള്ളത്. ഗ്രൂപ്പ് ‘എൽ’ യോഗ്യതാ മത്സരങ്ങളിൽ ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കും വിജയത്തോടെ മുൻനിരയിലാണ്.
ക്രിസ്റ്റ്യനോ റൊണാൾഡോയുടെ പോർചുഗൽ ഗ്രൂപ്പ് ‘എഫിൽ’ ആദ്യ മത്സരത്തിൽ ഇന്ന് അർമീനിയയെ നേരിടും. ഹംഗറി, അയർലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. രാത്രി 9.30നാണ് പോർചുഗൽ-അർമീനിയ മത്സരം. ‘ഗ്രൂപ്പ്’ കെയിൽ ഇംഗ്ലണ്ട് അൻഡോറയെയും, ലാത്വിയ സെർബിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.