ഇന്ത്യൻ ഫുട്ബാൾ ടീം കൊച്ചിയിൽ പരിശീലനത്തിനിടെ

ഒടുവിൽ ജി.സി.ഡി.എക്ക് മനംമാറ്റം; കെ.എഫ്.എക്ക് പണം അടക്കാന്‍ സാവകാശം

കൊച്ചി: മാര്‍ച്ച് 31ന് ഇന്ത്യയും ഹോങ്കോങും തമ്മില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനവും ഇന്ത്യന്‍ ടീമിന്റെ പരിശീലനവും മുടക്കിയ നടപടി വിവാദമായതിന് പിന്നാലെ, ജി.സി.ഡി.എക്ക് മനംമാറ്റം. പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാന്‍ ജി.സി.ഡി.എ സാവകാശം നല്‍കി. ഇതിനിടെ, മത്സരദിവസത്തെ വാടകയായ മൂന്ന് ലക്ഷം രൂപ കെ.എഫ്.എ ഇന്നലെ അടച്ചു. 25 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഇനി അടക്കേണ്ടത്.

കഴിഞ്ഞദിവസം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ലെന്ന കാരണത്താല്‍ വാർത്താസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യപരിശീലകന്‍ ഖാലിദ് ജമീലിനെയും മാധ്യമപ്രവര്‍ത്തകരെയും ജി.സി.ഡി.എ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടി ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായത് കേരളത്തിന് നാണക്കേടായി. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് കെ. ചന്ദ്രന്‍പിള്ള ചെയര്‍മാനായ ജി.സി.ഡി.എക്കെതിരെ ഉയരുന്നത്.

അതേസമയം, തുക അടക്കാന്‍ കെ.എഫ്.എ അലംഭാവം കാണിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് ജി.സി.ഡി.എയുടെ വിശദീകരണം. മത്സരത്തിന്റെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. ടിക്കറ്റ് ജീനിയുടെ ആപ്പ് മുഖേന ടിക്കറ്റുകള്‍ വാങ്ങാം. 199 രൂപ മുതലാണ് നിരക്ക്. പത്ത് വര്‍ഷത്തിനുശേഷമാണ് കൊച്ചിയില്‍ ഇന്ത്യ കളിക്കുന്നത്. 2016 മാര്‍ച്ചില്‍ തുര്‍ക്ക്‌മെനിസ്താനെതിരെ ലോകകപ്പ് യോഗ്യതയായിരുന്നു അവസാനത്തേത്. ഇന്ത്യയും ഹോങ്കോങും ഇതിനകംതന്നെ ഏഷ്യന്‍ കപ്പ് യോഗ്യതയില്‍നിന്ന് പുറത്തായിട്ടുണ്ട്.

ഹോങ്കോങ് ടീം കൊച്ചിയിലെത്തി

31ന് നടക്കുന്ന മത്സരത്തിന്‍റെ മുന്നോടിയായി ഹോങ്കോങ് ടീം വെള്ളിയാഴ്ച കൊച്ചിയിലെത്തി. ക്രൗണ്‍ പ്ലാസയിലാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. പനമ്പള്ളി നഗര്‍ ഗ്രൗണ്ടില്‍ ശനിയാഴ്ച മുതല്‍ ടീം പരിശീലനത്തിനിറങ്ങും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ പരിശീലന ഗ്രൗണ്ടിലാണ് ഇന്ത്യന്‍ ടീം പരിശീലിക്കുന്നത്. ഇരുടീമുകളും 30ന് വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 31ന് രാത്രി ഏഴിനാണ് കിക്കോഫ്.

Tags:    
News Summary - GCDA finally changes its mind; KFA gets time to pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.