സൂപ്പര്‍ താരങ്ങളിൽനിന്ന് പരിശീലകരിലേക്ക്; പ്രീമിയർ ലീഗിലെ 10 കളിയാശാന്മാർ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പരിശീലകരെയൊന്ന് നോക്കൂ. ഒരു കാലത്ത് കളം അടക്കിവാണിരുന്ന സൂപ്പര്‍ താരങ്ങള്‍. അവര്‍ കളിക്കുന്നത് ഇനിയും കാണാന്‍ ആഗ്രഹിക്കുന്ന ഫുട്‌ബാള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു റോളില്‍ അവരെത്തുകയാണ്. ഫ്രാങ്ക് ലംപാര്‍ഡ്, സ്റ്റീവന്‍ ജെറാർഡ്, പാട്രിക് വിയേര എന്നിങ്ങനെ നീളുന്നു താരപരിശീലകരുടെ നിര... പ്രീമിയര്‍ ലീഗ് പ്ലെയിങ് കരിയറിന് ശേഷം പരിശീലകന്റെ കുപ്പായമണിഞ്ഞ പത്ത് പേരിലേക്ക്...

1-ഗാരെത് സൗത്‌ഗേറ്റ്

ക്രിസ്റ്റല്‍ പാലസ്, ആസ്റ്റന്‍വില്ല, മിഡില്‍സ്ബറോ ക്ലബുകളുടെ താരമായിരുന്നു. മിഡില്‍സ്ബറോയുടെ പരിശീലകനായിരുന്ന സൗത്‌ഗേറ്റ് ഖത്തര്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനാണിപ്പോള്‍.

2-സ്റ്റീവന്‍ ജെറാർഡ്

ലിവര്‍പൂള്‍ ക്യാപ്റ്റനായിരുന്ന ഇതിഹാസ താരം. റേഞ്ചേഴ്‌സിനെ പരിശീലിപ്പിച്ചുകൊണ്ടാണ് പുതിയ റോളിലും തിളങ്ങാനാകുമെന്ന് തെളിയിച്ചത്. ഇപ്പോള്‍, ആസ്റ്റന്‍വില്ലയുടെ കോച്ച്.

3-മൈക്കല്‍ അര്‍ടെറ്റ

എവര്‍ട്ടന്‍ ക്ലബില്‍ തിളങ്ങിയ ഫ്രഞ്ച് താരം ആഴ്‌സണലിന്റെ ക്യാപ്റ്റനായിരിക്കെ വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്ന് പ്ലെയിങ് കരിയര്‍ അവസാനിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗാര്‍ഡിയോളയുടെ അസിസ്റ്റന്റായി കോച്ചിങ് കരിയറിന് തുടക്കം. ഇപ്പോള്‍, ആഴ്‌സണലിന്റെ ഹെഡ് കോച്ച്.

4 -ഫ്രാങ്ക് ലംപാര്‍ഡ്

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുനൈറ്റഡില്‍ അരങ്ങേറ്റം. ചെല്‍സിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ക്യാപ്റ്റന്‍, ഇതിഹാസ താരം. കരിയറിന്റെ അന്ത്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍. പരിശീലക കരിയറിന് തുടക്കമിട്ടത് ഡെര്‍ബി കൗണ്ടിക്കൊപ്പം. കൂടുതല്‍ കാലം ബൂട്ടണിഞ്ഞ ചെല്‍സിയുടെ ഹെഡ് കോച്ചായെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ എവര്‍ട്ടണിനൊപ്പം.

5 -വെയിന്‍ റൂണി

എവര്‍ട്ടണിന്റെ അതിശയിപ്പിക്കുന്ന യുവതാരമായിരുന്നു വെയിന്‍ റൂണി. പിന്നീട് അലക്‌സ് ഫെര്‍ഗൂസന്‍ എന്ന വിഖ്യാത പരിശീലകന്‍ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ നെടുംതൂണായി റൂണിയെ പ്രതിഷ്ഠിച്ചു. പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും മാഞ്ചസ്റ്ററിനൊപ്പം നേടിയ റൂണി എം.എല്‍.എസ് ക്ലബിലും അവസാന കാലം കളിച്ചു. ഡെര്‍ബി കൗണ്ടിയുടെ പരിശീലകനായിരുന്നു. ഇപ്പോള്‍, ആ സ്ഥാനം രാജിവെച്ചു.

6-ഒലെ ഗുനാര്‍ സോള്‍സ്‌ജെര്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വണ്ടര്‍ ബോയ് ആയിരുന്നു നോര്‍വെക്കാരന്‍ ഒലെ ഗുനാര്‍ സോള്‍സ്‌ജെര്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പകരക്കാരനായെത്തി വിജയഗോള്‍ നേടിയ സോള്‍സ്‌ജെര്‍ യുനൈറ്റഡിന്റെ ചരിത്രതാരമാണ്.

മോള്‍ഡെ, കാര്‍ഡിഫ് സിറ്റി ക്ലബുകളുടെ പരിശീലകനായിരുന്ന സോള്‍സ്‌ജെറിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാനും അവസരം ലഭിച്ചു.

7 -പാട്രിക് വിയേര

ആര്‍സെന്‍ വെംഗറുടെ ചിരപ്രതിഷ്ഠ നേടിയ ആഴ്‌സണല്‍ ക്ലബിന്റെ ക്യാപ്റ്റനായിരുന്നു. തോല്‍വിയറിയാതെ പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്‌സണല്‍ ടീമിന്റെ നായകന്‍. മധ്യനിരയിലെ ബുദ്ധികേന്ദ്രമായ പാട്രിക് വിയേര ഇപ്പോള്‍ പരിശീലകന്റെ റോളിലാണ്. ന്യൂയോര്‍ക്ക് സിറ്റി എഫ്.സി, നിസെ, ക്രിസ്റ്റല്‍ പാലസ് ക്ലബുകളെ പരിശീലിപ്പിച്ചു.

8 -തിയറി ഓന്റി 

ആഴ്‌സണലിന്റെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍. പ്രീമിയര്‍ ലീഗില്‍ തുടരെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഇതിഹാസതാരം. പ്ലെയിംഗ് കരിയറിന് ശേഷം സഹ പരിശീലകനായി കരിയര്‍ ആരംഭിച്ചു. എ എസ് മൊണാക്കോ, മോണ്‍ട്രിയല്‍ ഇംപാക്ട് ക്ലബ്ബുകളെ പരിശീലിപ്പിച്ചു.

9 -റോബി ഫൗളര്‍ 

ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍. ലീഡ്‌സ് യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകള്‍ക്കായും പന്ത് തട്ടി. മൗംഗ്‌തോംഗ് യുനൈറ്റഡ്, ബ്രിസ്ബന്‍ റോര്‍ ക്ലബുകളെ പരിശീലിപ്പിച്ച ഫൗളര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ കോച്ചായും പ്രവര്‍ത്തിച്ചു.

10 -മാര്‍ക് ഹ്യൂസ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, സതാംപ്ടണ്‍, എവര്‍ട്ടണ്‍, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ക്ലബുകളുടെ സൂപ്പര്‍ താരം. പരിശീലകനായും വിവിധ ക്ലബുകളില്‍ നിറഞ്ഞുനിന്നു. വെയില്‍സ് ദേശീയ ടീമിനെ പരിശീലിപ്പിച്ച ഹ്യൂസ് ക്ലബ് ഫുട്‌ബാളില്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, മാഞ്ചസ്റ്റര്‍ സിറ്റി, ഫുള്‍ഹാം, ക്യു.പി.ആര്‍, സ്റ്റോക് സിറ്റി, ബ്രാഡ്‌ഫോര്‍ഡ് സിറ്റി എന്നീ ടീമുകളെയും പരിശീലിപ്പിച്ചു.

Tags:    
News Summary - From super players to coaches; 10 Premier League coaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.