അഞ്ചിലഞ്ചും ജയിച്ച് ഫ്രാൻസ്; ഗ്രീസിൽ വഴുതാതെ നെതർലാൻഡ്സ്

പാരിസ്: അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ഫ്രാൻസ് ​യൂറോ കപ്പ് യോഗ്യതക്കരികെ. ഇരുപകുതികളിലുമായി ഒറിലിയൻ ഷുവാമെനിയും മാർകസ് തുറാമും നേടിയ ഗോളുകളാണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. 19ാം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ മനോഹര അസിസ്റ്റിലാണ് റയൽ മാഡ്രിഡ് മിഡ്മീൽഡർ ഷുവാമെനി അക്കൗണ്ട് തുറന്നത്. 39ാം മിനിറ്റിൽ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. 48ാം മിനിറ്റിൽ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ പകരക്കാരനായിറങ്ങിയ മാർകസ് തുറാമും ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് പട്ടിക പൂർത്തിയാക്കി. കണങ്കാലിന് പരിക്കേറ്റ ഒലിവർ ജിറൂഡിന് പകരമിറങ്ങിയ ഒസ്മാനെ ഡെംബലെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് അയർലൻഡിന്റെ തോൽവിഭാരം കുറച്ചു.

ഗ്രൂപ്പ് ‘ബി’യിലെ മറ്റൊരു മത്സരത്തിൽ നെതർലാൻസ്‍സ് ഗ്രീസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു. പതിനേഴാം മിനിറ്റിൽ മാർട്ടിൻ ഡി റൂണിലൂടെ ഗോൾവേട്ട തുടങ്ങിയ അവർക്കായി 31ാം മിനിറ്റിൽ കോഡി ഗാപ്കോയും എട്ട് മിനിറ്റിന് ശേഷം ​വൗട്ട് വെഗോസ്റ്റും വല കുലുക്കി. ഡെൻസൽ ഡംഫ്രിസ് ആയിരുന്നു രണ്ടും മൂന്നും ഗോളുകൾക്ക് വഴിയൊരുക്കിയത്.

കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഫ്രാൻസിന് ഇതോടെ 15 പോയന്റായി. രണ്ടും മൂന്നും സ്ഥാനത്തുള്ള നെതർലൻഡ്സിനും ഗ്രീസിനും ആറ് പോയന്റ് വീതമാണുള്ളത്. നാലിൽ മൂന്ന് കളികളും തോറ്റ് മൂന്ന് പോയന്റ് മാത്രമുള്ള അയർലൻഡിന് നേരിയ സാധ്യതയെങ്കിലും നിലനിൽക്കാൻ അടുത്ത മത്സരത്തിൽ നെതർലൻഡ്സിനെ തോൽപിക്കൽ അനിവാര്യമാണ്. കളിച്ച നാല് മത്സരങ്ങളും തോറ്റ ജിബ്രാൾട്ടറാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

ഗ്രൂപ്പ് ‘ഇ’യിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയുടെ ഇരട്ട ഗോളിൽ പോളണ്ട് ​ഫറോ ഐലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. 73ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയ ലെവൻഡോസ്‍കി കളി തീരാൻ ഏഴ് മിനിറ്റ് ശേഷിക്കെ പട്ടിക പൂർത്തിയാക്കി. ആറ് പോയന്റുമായി ഗ്രൂപ് ഇയിൽ മൂന്നാമതാണ് പോളണ്ട്. ചെക്ക് റിപ്പബ്ലിക്കും അൽബേനിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

മറ്റു മത്സരങ്ങളിൽ ​​െസ്ലാവേനിയ 4-2ന് വടക്കൻ അയർലൻഡിനെയും ഫിൻലാൻഡ് കസാകിസ്താനെ 1-0ത്തിനും ഹംഗറി 2-1ന് സെർബിയയെയും ഡെന്മാർക്ക് സാന്മരി​നോയെ 4-0ത്തിനും തോൽപിച്ചു. ചെക്ക് റിപ്പബ്ലിക്-അൽബേനിയ മത്സരം 1-1നും ലിത്വാനിയ-മോണ്ടിനെഗ്രോ മത്സരം 2-2നും സമനിലയിൽ പിരിഞ്ഞു. 

Tags:    
News Summary - France won all five; Netherlands without slipping in Greece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.