ഫുട്ബാൾതാരം മുഹമ്മദ് ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു. രണ്ടുവർഷമായി മറവിരോഗവും പാർക്കിൻസൺസ് സിൻഡ്രോമും ബാധിച്ച ഹബീബ്, ജന്മനാടായ ഹൈദരാബാദിലാണ് അന്ത്യശ്വാസം വലിച്ചത്. 74 വയസ്സായിരുന്നു.

1965 മുതൽ 1976 വരെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും നയിക്കുകയും ചെയ്ത ഈ മിഡ്ഫീൽഡർ രാജ്യത്തെ ആദ്യത്തെ യഥാർഥ പ്രഫഷനൽ ഫുട്ബാൾ കളിക്കാരൻ എന്ന ഖ്യാതി നേടി. 1970ൽ ബാങ്കോക് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ഹബീബ്, കൊൽക്കത്തയിൽ വൻ ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻ സ്പോർട്ടിങ് എന്നിവക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഏഷ്യൻ ഇലവൻ ടീമിൽ മൂന്നുതവണ കളിച്ചു.

1977ൽ കൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സൗഹൃദമത്സരത്തിൽ ഇതിഹാസതാരം പെലെയുടെ കോസ്‌മോസ് ക്ലബിനെതിരെ മോഹൻ ബഗാനുവേണ്ടി ഗോളടിച്ചതാണ് ഹബീബിന്റെ കരിയറിലെ പ്രധാന ആകർഷകങ്ങളിലൊന്ന്. പെലെ, കാർലോസ് ആൽബെർട്ടോ, ജോർജിയോ ചിനാഗ്ലിയ തുടങ്ങിയ വമ്പൻ താരങ്ങളുള്ള സന്ദർശക ടീമിനെതിരെ മോഹൻ ബഗാൻ 2-2 സമനിലയിൽ പിരിഞ്ഞു. മത്സരശേഷം പെലെ ഹബീബിന്റെ കളിയെ പ്രശംസിക്കുകയും ചെയ്തു. പരേതന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

ആന്ധ്രക്കാരനാണെങ്കിലും ബംഗാളിനുവേണ്ടിയാണ് സന്തോഷ് ട്രോഫി കളിച്ചത്. 2015ൽ ഈസ്റ്റ് ബംഗാൾ ക്ലബിന്റെ കളിയിലെ മികച്ച സംഭാവനക്ക് ‘ഭാരത് ഗൗരവ്’ ലഭിച്ചു. 1980ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. ടാറ്റ ഫുട്ബാൾ അക്കാദമിയിൽ (ടി.എഫ്.എ) നിരവധികാലം പരിശീലകനായിരുന്നു. 1969ൽ ബംഗാളിനൊപ്പം സന്തോഷ് ട്രോഫി, 1970ലും 1974ലും ഈസ്റ്റ് ബംഗാളിനൊപ്പം ഐ.എഫ്.എ ഷീൽഡ്, 1980-81ൽ ഈസ്റ്റ് ബംഗാളിനൊപ്പം ഫെഡറേഷൻ കപ്പ് എന്നിവ ഹബീബിന്റെ മഹത്തായ കരിയറിന്റെ തെളിവുകളാണ്. 2018ൽ പശ്ചിമ ബംഗാൾ സർക്കാർ ബംഗ ബിഭൂഷൺ നൽകി ആദരിച്ചു.

Tags:    
News Summary - Football player Muhammad Habib passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.