ലയണൽ മെസ്സി ഗുജറാത്തിലെ റിലയൻസ് ഫൗണ്ടേഷനു കീഴിലെ വൻതാരയിൽ
ജാംനഗർ: മൂന്നു ദിവസത്തെ ഇന്ത്യാ പര്യാടനത്തിന്, ഹൃദ്യമായ പര്യവസാനം കുറിച്ച് ലയണൽ മെസ്സിയും സംഘവും മടങ്ങി. മഹാനഗരങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഗുജറാത്തിലെ ജാംനഗറിൽ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിച്ചാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യപര്യടനം അവിസ്മരണീയമാക്കിയത്.
ന്യൂഡൽഹി സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്ക യാത്രക്ക് മുമ്പായാണ് തിങ്കളാഴ്ച രാത്രിയോടെ ഗുജറാത്തിലെത്തിയത്. ‘ഗോട്ട് ടൂറിൽ’ നേരത്തെയുള്ള ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയാണ് മെസ്സിയും സഹതാരങ്ങളായ ലൂയി സുവാരസും, റോഡ്രിഗോ ഡിപോളും വൻതാരയിലേക്ക് പുറപ്പെട്ടത്. ഇതുസംബന്ധിച്ച് വാർത്തകളും പുറത്തു വിട്ടിരുന്നില്ല. ലയണൽ മെസ്സിയെയും സംഘത്തെയും സ്വീകരിക്കുന്നതും, വൻതാരയിൽ വന്യജീവികൾക്കൊപ്പം ചിത്രം പകർത്തുന്നതും ഉൾപ്പെടെ ദൃശ്യങ്ങൾ ചൊവ്വാഴ്ച വൈകീട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോകമെങ്ങുമുള്ള ആരാധകരും ഈ വേറിട്ട ദൃശ്യങ്ങൾ ഏറ്റെടുത്തു.
കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി നഗരങ്ങൾ പിന്നിട്ട താരയാത്രക്കൊടുവിൽ പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കുമുള്ള മടക്കം എന്ന സന്ദേശവുമായാണ് ഫുട്ബാൾ ഇതിഹാസത്തിനും സംഘത്തിനും റിലയൻസ് ഫൗണ്ടേഷൻ ഉടമസ്ഥതയിലുള്ള വൻതാരയിൽ സ്വീകരണം നൽകിയത്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു താരങ്ങൾക്ക് സ്വീകരണം. വൻതാരയിലെ ക്ഷേത്രത്തിൽ ലയണൽ മെസ്സിക്ക് മഹാആരതി നൽകി. അംബെ മാതാ പൂജ, ഗണേഷ പൂജ, ഹനുമാൻ പൂജ, ശിവ അഭിഷേക തുടങ്ങിയ പ്രാർഥാനാ ചടങ്ങുകളിലും താരങ്ങൾ പങ്കുചേർന്നു.
വൻതാരയോട് ചേർന്നുള്ള ഹരിതോർജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോപ്ലക്സും സന്ദർശിച്ചു.
മൃഗങ്ങൾക്കുള്ള വിദഗ്ദ്ധ പരിചരണം, ഓരോ മൃഗത്തിനും അനുയോജ്യമായ പോഷകാഹാരം, സ്വഭാവ പരിശീലനം, ശാസ്ത്രീയമായ പരിപാലന രീതികള്‍ എന്നിവ മെസ്സിയും സഹതാരങ്ങളും നേരിട്ടറിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ആൾകൂട്ടങ്ങൾക്ക് നടുവിൽ ആഘോഷത്തോടെ സഞ്ചരിച്ച മെസ്സി, വൻതാരയും ആസ്വദിച്ചു. സിംഹങ്ങൾ, കടുവ, പുലി ഉൾപ്പെടെ വന്യജീവികളെ കണ്ടും ചിത്രം പകർത്തിയും പോസ് ചെയ്തും താരം വേറിട്ട നിമിഷം ആസ്വദിച്ചു. തുടർന്ന് വൻതാരയിലെ മൾട്ടി സ്പെഷ്യാലിറ്റി വെറ്റിനറി ആുപത്രി, സന്ദർശിച്ച് ചികിത്സകളും ശസ്ത്രക്രിയാ സംവിധാനങ്ങളും നിരീക്ഷിച്ചു.
ഇന്ത്യയുടെ വന്യജീവി സംരക്ഷണ പദ്ധതികളെയും പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയും മെസ്സി പ്രശംസിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയെത്തിക്കുന്ന മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രവും മെസ്സി സന്ദർശിച്ചു.
മെസ്സിയോടുള്ള ആദരസൂചകമായി വൻതാരയിലെ സിംഹക്കുട്ടിക്ക് ‘ലയണൽ’ എന്ന് പേരിട്ടു. ഫുട്ബാളിലെ സിഹാസനങ്ങളെല്ലാം വെട്ടിപ്പിടിച്ച മെസ്സിക്ക് വൻതാരയിൽ പന്ത് തട്ടാൻ കൂട്ടായെത്തിയ ആളും വേറിട്ടതായി. ആനസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയായ കുഞ്ഞ് ആനകുട്ടി മണിക്‍ലാൽ ആനയിരുന്നു മെസ്സിക്ക് പന്തു തട്ടി നൽകിയത്. മെസ്സിയുടെ ഷോട്ടിന് അതേ പോലെ പന്ത് തിരിച്ചടിച്ച് ആനകുട്ടി ലോകതാരത്തെ അതിശയിപ്പിച്ചു.
സാമൂഹിക, വിദ്യഭ്യാസ, ആരോഗ്യ, ശിശുക്ഷേമ പദ്ധതികളിൽ ശ്രദ്ധ നൽകുന്ന ലിയോ മെസ്സി ഫൗണ്ടേഷൻ വൻതാരയുടെ പദ്ധതികളുമായി സഹകരിക്കാനുള്ള താൽപര്യം കൂടി അറിയിച്ചാണ് സന്ദർശനം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.