രക്ഷകനായി അൽമാഡ, അവസാന മിനിറ്റിലെ ഗോളിൽ കൊളംബിയയോട് സമനില പിടിച്ച് അർജന്‍റീന, എൻസോക്ക് ചുവപ്പ് കാർഡ്

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അവസാന മിനിറ്റിലെ ഗോളിൽ കൊളംബിയയോട് സമനില പിടിച്ച് അർജന്‍റീന. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.

എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അവസാന 20 മിനിറ്റ് പത്തുപേരുമായാണ് അർജന്‍റീന പൊരുതിയത്.

ലൂയിസ് ഡയസ് കൊളംബിയക്കായും തിയാഗോ അൽമാഡ അർജന്‍റീനക്കായും വലകുലുക്കി. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച അർജന്‍റീന 16 മത്സരങ്ങളിൽനിന്ന് 35 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. സൂപ്പർ താരം ലയണൽ മെസ്സിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകൻ ലയണൽ സ്കലോണി അർജന്‍റീനയെ കളത്തിലിറക്കിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചാമ്പ്യന്മാരെ ഞെട്ടിച്ച് 24ാം മിനിറ്റിൽ കൊളംബിയ മത്സരത്തിൽ ലീഡെടുത്തു.

ലൂയിസ് ഡയസാണ് ഗോൾ നേടിയത്. കസ്റ്റാനോയണ് ഗോളിന് വഴിയൊരുക്കിയത്. പന്തു കൈവശം വെക്കുന്നതിൽ അർജന്‍റീന മുന്നിൽ നിന്നെങ്കിൽ കൊളംബിയൻ പ്രതിരോധം മറികടക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല. 1-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും സമനില ഗോളിനായി അർജന്‍റീന മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ കൗണ്ടർ അറ്റാക്കുമായി കൊളംബിയയും കളംനിറഞ്ഞു. 70ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അർജന്‍റീന പത്തു പേരിലേക്ക് ചുരുങ്ങി. കസ്റ്റാനോയെ ഫൗൾ ചെയ്തതിനാണ് താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയത്.

78ാം മിനിറ്റിൽ മെസ്സിക്കു പകരക്കാരനായി എസക്കിയേൽ പലാസിയോസ് കളത്തിലെത്തി. 81ാം മിനിറ്റിൽ തിയാഗോ അൽമാഡ ടീമിന്‍റെ രക്ഷകനായി അവതരിച്ചു. പലാസിയോസിന്‍റെ അസിസ്റ്റിൽനിന്നാണ് താരം സമനില ഗോൾ നേടിയത്. 16 മത്സരങ്ങളിൽനിന്ന് 22 പോയന്‍റുമായി കൊളംബിയ ആറാം സ്ഥാനത്താണ്. ഇക്വഡോർ, ബ്രസീൽ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Tags:    
News Summary - FIFA World Cup 2026 Qualifiers: Argentina vs Colombia tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.