ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ തയാറെടുപ്പുകൾ പരിശോധിക്കുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ
ദോഹ: ഖത്തർ ലോകകപ്പ് സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങൾ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ഖത്തർ നാഷനൽ കൺവെൻഷൻ സെൻറർ (ക്യു.എൻ.സി.സി) എന്നീ കേന്ദ്രങ്ങളാണ് ഇൻഫാൻറിനോ സന്ദർശിച്ചത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുകയെന്ന് സന്ദർശന ശേഷം ഇൻഫാൻറിനോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഇതെല്ലാം നേടിയെടുക്കുന്നതിന് പിച്ചിന് പുറത്തുള്ളതും ലോകനിലവാരം പുലർത്തിയിരിക്കണം. അതിന് നമ്മൾ സാക്ഷികളാകുമെന്ന് നമുക്കറിയുകയും ചെയ്യാം. ഇന്ന് കണ്ടതിൽനിന്ന് ഒരു കാര്യം സംശയമില്ലാതെ പറയാം, എട്ട് സുന്ദരമായ വേദികളിൽ ഖത്തർ നൽകിയതെന്തോ അതുതന്നെയാണ് സ്റ്റേഡിയങ്ങൾക്ക് പുറത്തും ഖത്തർ സജ്ജമാക്കിയിരിക്കുന്നത് -ഇൻഫാൻറിനോ പറഞ്ഞു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തർ ജനതക്കും അവർ കഴിഞ്ഞ കാലങ്ങളിൽ ലോകകപ്പിനായി നൽകിയതിന് നന്ദി അറിയിക്കുന്നുവെന്നും ആഴ്ചകളുടെ ദൂരം മാത്രമാണ് ലോകകപ്പിന് മുന്നിലുള്ളതെന്നും ഇൻഫാൻറിനോ വ്യക്തമാക്കി. ടൂർണമെൻറ് ഓഫീസ്, പ്രധാന ഓപറേഷൻ കേന്ദ്രം, ഐ.ടി കമാൻഡ് സെൻറർ, പ്രധാന വളന്റിയർ കേന്ദ്രം, അക്രഡിറ്റേഷൻ കേന്ദ്രം എന്നിവയെല്ലാം കതാറക്ക് സമീപത്തുള്ള ഡി.ഇ.സിയിലാണ് പ്രവർത്തിക്കുന്നത്.വെസ്റ്റ് ബേയിലുള്ള ഡി.ഇ.സി.സിയിൽ ടൂർണമെൻറ് കാലയളവിലേക്കുള്ള പ്രധാന ടിക്കറ്റിങ് കേന്ദ്രവും ഹയ്യ കേന്ദ്രവുമാണ് പ്രവർത്തിക്കുക. അൽ റയ്യാനിലെ ക്യൂ.എൻ.സി.സിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മീഡിയകളുടെ ആസ്ഥാനവും അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിങ് കേന്ദ്രവും പ്രധാന മീഡിയാ കേന്ദ്രവും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.