ഫാൻ ഫെസ്റ്റിവൽ വേദിയിലെ ഫിഫ മ്യൂസിയം മാതൃക
ദോഹ: അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ ഫുട്ബാൾ പൈതൃകവും സംസ്കാരവും ആഘോഷിക്കാൻ ഫിഫ മ്യൂസിയം. ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി സഹകരിച്ച് ഗോൾസ് ക്രിയേറ്റ് ഹിസ്റ്ററി എന്ന പ്രമേയത്തിൽ വലിയ പ്രദർശനം സംഘടിപ്പിക്കാനാണ് ഫിഫ മ്യൂസിയം തയാറെടുക്കുന്നത്.
നവംബർ 19 മുതൽ ഡിസംബർ 18 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ഫിഫ ഫാൻ ഫെസ്റ്റിവലിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഫിഫ മ്യൂസിയം സന്ദർശിക്കാനുള്ള അവസരമാണൊരുങ്ങുന്നത്. കാൽപന്തുകളിയോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശത്തിലൂടെയും ആരാധനയിലൂടെയും ഫിഫ ലോകകപ്പിനെ ആഘോഷിക്കുന്ന പ്രദർശനം, ചരിത്രത്താളുകളിൽ മായാത്ത മുദ്ര പതിപ്പിച്ച കളിക്കാരിലൂടെ ചരിത്രം പറയുകയും ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകരെ പ്രദർശനത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്നും ഫുട്ബാളിന്റെ മാന്ത്രികത കൊണ്ട് ഒരുമിച്ചുകൂടി പരസ്പരം ഇടപഴകാനും പങ്കുവെക്കാനും ബന്ധം സ്ഥാപിക്കാനും ഇതിലൂടെ സാധിക്കുമെന്നും ഫിഫ മ്യൂസിയം മാനേജിങ് ഡയറക്ടർ മാർകോ ഫസോൺ പറഞ്ഞു. ഫിഫ മ്യൂസിയത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പ്രദർശനമെന്നും ഫിഫ ഫാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശനം തുറന്നു കൊടുക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഫസോൺ കൂട്ടിച്ചേർത്തു.
ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിഫ മ്യൂസിയം ലോകകപ്പ് സമയത്തെ ദോഹയിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കുമെന്ന് ഫിഫ ചീഫ് ബിസിനസ് ഓഫിസർ റോമി ഗയ് പറഞ്ഞു.ലോകമെമ്പാടുമുള്ള ആരാധകരെ ഫുട്ബാൾ ചരിത്രത്തിലെ ഐതിഹാസിക നിമിഷങ്ങൾക്ക് സാക്ഷികളാക്കാൻ ഫിഫ മ്യൂസിയം അവതരിപ്പിക്കുന്ന പ്രദർശനം വഴിയൊരുക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ കമ്പനി പ്രസിഡൻറും സി.ഇ.ഒയുമായ ജീഹൂൻ ചാങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.