ഫിഫ അറബ്​ കപ്പ്​: ഇഞ്ചുറിടൈം ഗോളിൽ ജയം; ഖത്തർ ക്വാർട്ടറിൽ

ദോഹ: ​ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റുവരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിൽ ഒമാനെ 2-1ന്​ വീഴ്​ത്തി ഖത്തർ ഫിഫ അറബ്​ കപ്പ്​ ഫുട്​ബാൾ ക്വാർട്ടറിൽ. കളിയുടെ 32ാം മിനിറ്റിൽ അ​ക്രം അഫീഫി നേടിയ പെനാൽറ്റി ഗോളിലൂടെയാണ്​ ഖത്തർ ലീഡ്​ നേടിയത്​.

രണ്ടാം പകുതിയിലെ 74ാം മിനിറ്റിൽ തിരിച്ചടിച്ച്​ ഒമാൻ എജ്യൂക്കേഷൻ സിറ്റിയിലെ നിറഗാലറിയെ നിശബ്​ദമാക്കി. കളി സമനിലയിലേക്ക്​ എന്നുറപ്പിച്ചപ്പോൾ, ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിലായിരുന്നു ഖത്തറിന്‍റെ വിജയ ഗോളെത്തിയത്​. ഏഴാം മിനിറ്റിൽ അക്രം അഫീഫിയുടെ ലോങ്​ക്രോസിന്​ ബോക്​സിനുള്ളിൽ അൽമുഈസ്​ അലിയും ഒമാൻ ഡിഫൻഡർ ഫഹ്​മി റജബും ഉയർന്നുചാടി.

പന്ത്​ ക്രോസ്​ ബാറിൽ തട്ടിമടങ്ങിയപ്പോൾ, റഫറി കളി തുടരാൻ നിർദേശിക്കുകയായിരുന്നു. ഖത്തർ താരങ്ങളുടെ അപ്പീലിനിടയിൽ 'വീഡിയോ അസിസ്​റ്റൻറ്​ റഫറിയിൽ' നിന്നു നിർദേശമെത്തി. വി.എ.ആർ പരിശോധനയിൽ പന്ത്​ ഗോൾലൈൻ കടന്നതായി തെളിഞ്ഞതോടെ തൂവെള്ളയിൽ നിറഞ്ഞ ഗാലറിക്ക്​ ആഘോഷമാക്കാൻ ഒരു വെള്ളിയാഴ്​ച സമ്മാനിച്ച്​ ഖത്തറിന്‍റെ ഉശിരൻ ജയം. ഒമാൻ താരത്തിന്‍റെ ടച്ചിൽ സെൽഫ്​ ഗോളായാണ്​ ഇത്​ രേഖപ്പെടുത്തിയത്​.

ആദ്യ മത്സരത്തിൽ ബഹ്​റൈനെതിരെ 1-0ത്തിന്​ ജയിച്ചിരുന്നു. തുടർച്ചയായി രണ്ട്​ കളിയും ജയിച്ച ഖത്തർ ഗ്രൂപ്പ്​ 'എ'യിൽ നിന്നും ആറ്​ പോയൻറുമായി ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറാഖും ബഹ്​റൈനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - fifa arab cup: qatar wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.