1. ഗോ​കു​ലം എ​ഫ്.​സി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച പി​തൃ​ദി​ന പോ​സ്റ്റി​ൽ മു​ഹ​മ്മ​ദ് ഉ​വൈ​സും പി​താ​വ് ക​മാ​ലു​ദ്ദീ​നും, 2. ഉ​വൈ​സും

പി​താ​വ് ക​മാ​ലു​ദ്ദീ​നും

ഉപ്പയാണ്, കോച്ചാണ്; കമാലിനോളം സന്തോഷിച്ചവരാരുണ്ടീ പിതൃദിനത്തിൽ

മഞ്ചേരി: ഫുട്ബാൾ പരിശീലകനായ നിലമ്പൂർ സ്വദേശി എം. കമാലുദ്ദീന് ഇതിലും വലിയ പിതൃദിന സന്തോഷം ഇനി കിട്ടാനില്ല. തന്‍റെ മകനിലൂടെ കണ്ട വലിയ സ്വപ്നം യാഥാർഥ്യമാകുന്നതിന്‍റെ സന്തോഷത്തിലാണ് ഈ ഫുട്ബാൾ പരിശീലകൻ. മൂത്തമകൻ മുഹമ്മദ് ഉവൈസ് (23) ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) പന്തുതട്ടാനൊരുങ്ങുകയാണ്. ജംഷഡ്പുർ എഫ്.സിയിലേക്കാണ് വിളിയെത്തിയത്. ലെഫ്റ്റ് ബാക്ക് താരമായ മുഹമ്മദ് ഉവൈസ് ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളത്തിൽനിന്നാണ് ഐ.എസ്.എല്ലിലേക്ക് പോകുന്നത്. ഐ ലീഗ് കിരീടം നിലനിർത്തിയ ടീമിൽ പ്രതിരോധത്തിൽ നിർണായ പങ്കാണ് ഉവൈസ് വഹിച്ചത്. ഫുട്ബാളിനെ ജീവിതമാക്കിയ പിതാവിൽനിന്ന് തന്നെയാണ് ഉവൈസ് കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പഠിച്ചത്. ആറാം വയസ്സിൽ നിലമ്പൂർ യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിലൂടെയായിരുന്നു തുടക്കം. പിന്നീട് പുണെ ഭാരത് എഫ്.സി, മോഹൻ ബഗാൻ അക്കാദമി, ഡൽഹി സുദേവ എഫ്.സി, എഫ്.സി കേരള, എഫ്.സി തൃശൂർ തുടങ്ങിയ ക്ലബുകളിലും പന്തുതട്ടി. കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്കായും കളിച്ചു. മിന്നും പ്രകടനം തുടർന്നതോടെ ഗോകുലത്തിലേക്കും വിളിയെത്തി.

ആദ്യവർഷം തന്നെ ഐ ലീഗ് കിരീടവുമായാണ് ടീമും ഉവൈസും മടങ്ങിയത്. പ്രതിരോധത്തിലെ ടീമിന്‍റെ വിശ്വസ്തനായിരുന്നു ഉവൈസ്. സ്റ്റോപ്പർ ബാക്കായും റൈറ്റ്, ലെഫ്റ്റ് വിങ് ബാക്കായും കളിക്കാൻ സാധിക്കുന്ന ഉവൈസിനെ ഐ.എസ്.എല്ലിലെ നിരവധി ടീമുകളാണ് സമീപിച്ചത്. ജംഷഡ്പൂരിന് പുറമെ കേരള ബ്ലാസ്റ്റേഴ്സ്, ബാംഗ്ലൂർ എഫ്.സി, എസ്.സി ഈസ്റ്റ് ബംഗാൾ എന്നിവരും എത്തിയെങ്കിലും ടാറ്റയുടെ കരുത്തിന് കൈ കൊടുക്കുകയായിരുന്നു. ഐ ലീഗിൽ ഗോകുലത്തിനായി മുഴുവൻ കളികളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഉവൈസ് ഒരൊറ്റ കാർഡ് പോലും മത്സരത്തിൽ വാങ്ങിയില്ലെന്നത് താരത്തിന്‍റെ കഴിവിന് ഉദാഹരണമായിരുന്നു. മൂന്നുവർഷത്തേക്കാണ് ജംഷഡ്പൂരുമായി കരാർ ഉറപ്പിച്ചതെന്നാണ് സൂചന. തന്‍റെ വലിയ സ്വപ്നമാണ് മകൻ നേടിത്തന്നതെന്ന് കമാലുദ്ദീൻ പറഞ്ഞു. ഗോകുലത്തിലെ സഹകളിക്കാരൻ ഇ.എം. അഭിജിത്ത്, ഈ സന്തോഷ് ട്രോഫിയിലെ ടോപ് സ്കോറർ ടി.കെ. ജസിൻ എന്നിവരെയും കമാലുദ്ദീനാണ് പരിശീലിപ്പിച്ചിരുന്നത്. പിതൃദിനത്തിൽ ആശംസ അറിയിച്ച് ഗോകുലം എഫ്.സി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിൽ ഇവർ രണ്ട് പേരുടെയും ചിത്രം കൂടി ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Father's Day football coach Kamaluddin Mohammad Uwais in the Indian Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.