ലിവർപൂളിന്റെ കിരീട പ്രതീക്ഷക്ക് എവർട്ടന്റെ ചെക്ക്; നിർണായക പോരിൽ തോറ്റോടി ചെമ്പട

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ഇഞ്ചോടിച്ച് പോരാട്ടത്തിലുണ്ടായിരുന്ന ലിവർപൂളിന് എവർട്ടന്റെ ചെക്ക്. ലീഗിൽ പതിനാറാം സ്ഥാനത്തുള്ള എവർട്ടനാണ് എതിരില്ലാത്ത രണ്ട് ഗോളിന് ചെമ്പടയെ തകർത്തുവിട്ടത്. ആദ്യപകുതിയിൽ ജെറാഡ് ബ്രാന്ദ് വെയ്റ്റും രണ്ടാം പകുതിയിൽ ഡൊമിനിക് കാൽവെർട്ട് ലെവിനും നേടിയ ഗോളുകളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ലിവർപൂളിന് ഫിനിഷിങ്ങിലെ പിഴവുകളാണ് തിരിച്ചടിയായത്. 77 ശതമാനവും പന്ത് വരുതിയിലാക്കിയ ലിവർപൂളിന് ലഭിച്ച സുവർണാവസരങ്ങൾ ഡാർവിൻ ന്യൂനസും ലൂയിസ് ഡയസും ആന്റി റോബട്ട്സനുമെല്ലാം തുലച്ചു. സൂപ്പർ താരം മുഹമ്മദ് സലാഹ് നിറം മങ്ങിയതും തിരിച്ചടിയായി. 27ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഷോട്ടി​ലൂടെയാണ് ബ്രാന്ദ് വെയ്റ്റ് ലിവർപൂൾ വലയിൽ ആദ്യം പന്തെത്തിച്ചത്. തിരിച്ചടിക്കാനായി ലിവർപൂൾ ആക്രമണം കനപ്പിച്ചെങ്കിലും ഗോൾശ്രമങ്ങൾ എവർട്ടന്റെ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദൻ പിക്ക്ഫോർഡും പ്രതിരോധ താരങ്ങളും ചേർന്ന് വിജയകരമായി തടഞ്ഞു. അവസരങ്ങൾ കിട്ടുമ്പോൾ പ്രത്യാക്രമണങ്ങളിലൂടെ എതിർ ഗോൾമുഖം വിറപ്പിക്കാനും എവർട്ടനായി.

58ാം മിനിറ്റിൽ ഡ്വൈറ്റ് മക്നീൽ എടുത്ത കോർണർ കിക്കിൽ തലവെച്ച് ഡൊമിനിക് കാൽവെർട്ട് ലെവിൻ ലിവർപൂളിന്റെ തിരിച്ചുവരാനുള്ള പ്രതീക്ഷകൾ തല്ലിക്കെടുത്തി. അവസാന ഘട്ടത്തിൽ ലിവർപൂൾ ആക്രമണം കനപ്പിച്ചെങ്കിലും എവർട്ടൻ പ്രതിരോധം വിട്ടുകൊടുത്തില്ല. ഇതോടെ ചെമ്പടക്ക് നിരാശയോടെ കളംവിടേണ്ടിവന്നു.

ലീഗിൽ 34 മത്സരങ്ങളിൽ 77 പോയന്റുമായി ആഴ്സണലാണ് മുമ്പിൽ. 74 പോയന്റുമായി ലിവർപൂൾ രണ്ടാതുണ്ടെങ്കിലും രണ്ട് മത്സരങ്ങൾ കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ സിറ്റിക്ക് ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാം. ആഴ്സണലിനും ലിവർപൂളിനും നാല് മത്സരങ്ങൾ വീതമാണ് ഇനി അവശേഷിക്കുന്നത്.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 4-2ന് ഷെഫീൽഡ് യുനൈറ്റഡിനെ തോൽപിച്ച് ആറാം സ്ഥാനത്തേക്ക് കയറി. ആറാമതുണ്ടായിരുന്ന ന്യൂകാസിലിനെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചതും യുനൈറ്റഡിന് അനുഗ്രഹമായി. യുനൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ ഹാരി മഗ്വെയർ, റാസ്മസ് ഹോജ്‍ലുണ്ട് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ഷെഫീൽഡിനായി ജെയ്ഡൻ ബോഗ്ലെ, ബെൻ ഡയസ് എന്നിവരാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബേൺമൗത്ത് 1-0ത്തിന് വോൾവ്സിനെ കീഴടക്കി.

Tags:    
News Summary - Everton's check for Liverpool's title hopes; The Red Army lost in a crucial battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT