ക്ഷമിക്കണം, റൊണാൾഡോ! മാപ്പ് പറഞ്ഞ് സൂപ്പർതാരം ഹാലൻഡ്

ബ്രസീൽ മുൻ സൂപ്പർതാരം റൊണാൾഡോയോട് ക്ഷമാപണം നടത്തി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ ഗോളടി യന്ത്രം എർലിങ് ഹാലൻഡ്.

താരം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ തന്‍റെ ഓൺലൈൻ ടീമിനെ പരിചയപ്പെടുത്തിയിരുന്നു. ഹാലൻഡ് വിഡിയോ ഗെയിമിന്‍റെ , പ്രത്യേകിച്ച് ‘അൾട്ടിമേറ്റ് ടീമി’ന്‍റെ വലിയ ആരാധകനാണ്. ഈ ഗെയിമിലൂടെ സ്വന്തമായി ഫുട്ബാളിലെ സ്വപ്ന ഇലവനെ തെരഞ്ഞെടുക്കാനും മറ്റുള്ളവരുമായി മത്സരിക്കാനും കഴിയും. ഇത്തരത്തിൽ തെരഞ്ഞെടുത്ത ഹാലൻഡിന്‍റെ സ്വപ്ന ടീമിലെ താരങ്ങളുടെ പേരുകളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

എന്നാൽ, ലോകഫുട്ബാളിലെ 'പ്രതിഭാസ'മായ മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോ ഹാലൻഡിന്‍റെ സ്വപ്ന ടീമിൽ ഇല്ലായിരുന്നു. 1998, 2002 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടുതവണ ഫൈനലിലെത്തിയ ബ്രസീല്‍ സംഘത്തിലുണ്ടായിരുന്ന താരമാണ്. 2002ല്‍ ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ്.

‘ക്ഷമിക്കണം റൊണാൾഡോ’ എന്ന ക്യാപ്ഷനോടെയാണ് ഹാലൻഡ് ടീമിലെ താരങ്ങളെ പരിചയപ്പെടുത്തുന്നത്. ബ്രസീൽ ഇതിഹാസത്തെ ഉൾപ്പെടുത്താത്തിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ റേറ്റിങ്ങിനു പകരം കുടുംബത്തിനാണ് താൻ മുഖ്യപരിഗണന നൽകുന്നതെന്നും അതുകൊണ്ടാണ് ബന്ധുവും ബെൽജിയൻ പ്രോ ലീഗ് സ്‌ട്രൈക്കറുമായ ജോണ്ടൻ ബ്രൂൺസിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും താരം വിശദീകരിച്ചു.

ബ്രൂൺസിന്‍റെ ഓവറോൾ റേറ്റിങ് 85ഉം മുൻ റയൽ മഡ്രിഡ് താരമായ റൊണാൾഡോയുടേത് 94ഉം ആണ്. 4-4-2 ഫോർമേഷനിൽ നിലവിലെ താരങ്ങളെയും മുൻ സൂപ്പർതാരങ്ങളെയുമാണ് ഹാലൻഡ് സ്വപ്ന ടീമിൽ അണിനിരത്തുന്നത്. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കും ഹാലൻഡിന്‍റെ ടീമിൽ ഇടമില്ല. മുൻ ബ്രസീൽ താരം റോബർട്ടോ കാർലോസ്, റയൽ മഡ്രിഡ് താരം എഡർ മിലിറ്റാവോ, ലിവർപൂൾ നായകൻ വിർജിൽ വാൻഡിക്, മാഞ്ചസ്റ്റർ സിറ്റി യുടെ കെയിൽ വാക്കർ എന്നിവരാണ് പ്രതിരോധത്തിൽ.

യായ ടൂറെയും റൂഡ് ഗുള്ളിറ്റും സെന്റർ മിഡ്ഫീൽഡിലും മുൻ ബാലൺ ഡി ഓർ ജേതാവ് റൊണാൾഡീഞ്ഞോ ഇടതു വിങ്ങിലും കിലിയൻ എംബാപ്പെ വലതു വിങ്ങിലും കളിക്കും. ഹാലൻഡും ബ്രൂൺസുമാണ് സ്ട്രൈക്കർമാർ. അതേസമയം, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സിറ്റിക്കായി ഹാലൻഡിന് ഗോൾ കണ്ടെത്താനായിട്ടില്ല. നിലവിൽ 30 പോയന്‍റുമായി പ്രീമിയർ ലീഗ് പട്ടികയിൽ മുൻ ചാമ്പ്യന്മാർ നാലാം സ്ഥാനത്താണ്.

Tags:    
News Summary - Erling Haaland APOLOGISES to Brazilian Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.