എറിക് കന്റോണ മാഞ്ചസ്റ്റർ യുനൈറ്റഡ് ജഴ്സിയിൽ
ലണ്ടൻ: ഗസ്സയിൽ രണ്ടു വർഷത്തോളമായി ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ നിസ്സംഗത പാലിക്കുന്ന ലോത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് മുൻ ഫ്രഞ്ച് ഫുട്ബാളർ എറിക് കന്റോണ. ലണ്ടനിലെ വെംബ്ലിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഡ്യ റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു മുൻ മാഞ്ചസ്റ്റർ താരം കൂടിയായ കന്റോണ തുറന്നടിച്ചത്.
യുക്രെയ്നെ ആക്രമിച്ച റഷ്യയെ നാലു ദിവസം കൊണ്ട് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിലക്കിയ ഫിഫയും യുവേഫയും ഗസ്സയിലെ വംശഹത്യ രണ്ടു വർഷത്തിലേക്ക് എത്തിയിട്ടും ഇസ്രായേലിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് നീതി നിഷേധമാണെന്ന് റാലിയിൽ പങ്കെടുത്തുകൊണ്ട് എറിക് കന്റോണ പറഞ്ഞു.
എറിക് കന്റോണ
ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിലക്കണമെന്ന് ലോകവ്യാപകമായി ആവശ്യമുയരുന്നതിനിടെയാണ് യൂറോപ്യൻ ഫുട്ബാളിലെ പ്രമുഖ താരവും പരസ്യമായി രംഗത്തെത്തുന്നത്.
ഞാൻ ഫ്രാൻസിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും വേണ്ടി കളിച്ച താരമാണെന്ന് ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ എറിക് സംസാരിച്ചു തുടങ്ങിയത്.
‘ഒരു സ്പോർട്സ് എന്നതിനേക്കാൾ വലുതാണ് അന്താരാഷ്ട്ര ഫുട്ബാൾ. രാഷ്ട്രീയവും സംസ്കാരവും ശക്തിയുമെല്ലാം ചേർന്നതാണ് ഫുട്ബാൾ. ഇസ്രായേൽ ഫുട്ബാളിനെ ലോകവേദിയിൽ വിലക്കാനുള്ള സമയമാണിത്. എല്ലാ സമയവും അതിക്രമിച്ചു. യുക്രെയ്നെ ആക്രമിച്ച റഷ്യയെ നാലു ദിവസം കൊണ്ട് ലോകഫുട്ബാളിൽ നിന്നും വിലക്കി. എന്നാൽ, ഗസ്സയിലേത് വംശഹത്യയാണെന്ന് ആംനസ്റ്റി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇസ്രായേൽ ലോകവേദിയിൽ കളിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്...? എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്. ഫിഫയും യുവേഫയും ഇസ്രായേലിനെ വിലക്കണം. ഇസ്രയേൽ ടീമുകളുമായി കളിക്കുന്നതിൽ നിന്നും ലോകത്തെ മുഴുവൻ ക്ലബുകളും പിൻവാങ്ങണം. ഓരോ കളിക്കാരനും, ഇസ്രായേൽ കളിക്കാരെ ബഹിഷ്‍കരിക്കണം.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം നമ്മുടെ ഓർമയിലുണ്ട്. കായിക വേദികളിലെ ബഹിഷ്‍കരണം ദക്ഷിണാഫ്രിക്കയുടെ വർണവെറി തന്നെ അവസാനിപ്പിക്കാൻ കരുത്തുള്ളതായിരുന്നു. നമുക്ക് കരുത്തുണ്ട്.. ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്ക് ശക്തിയുണ്ട്. വംശഹത്യയുടെ ആളുകളെ പുറത്താക്കാനുള്ള സമയമാണിത്.. എനിക്കൊപ്പം ചേരാൻ ആരുണ്ട്...?’ -പതിനായിരങ്ങളുടെ ആരവങ്ങൾക്കിടയിൽ, ഇസ്രായേലിന് വിലക്കണമെന്ന് ഉറക്കെ വിളിച്ചുപറയിച്ച് എറിക് കന്റോണ തുറന്നടിച്ചു.
2022 ഫെബ്രുവരിയിൽ റഷ്യൻ സൈന്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കകം നടപടിയെടുത്തതിനെ ചൂണ്ടികാട്ടിയായിരുന്നു എറിക് കന്റോണ ലോകഫുട്ബാൾ ബോഡിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തത്. റഷ്യൻ ദേശീയ ടീമിനെയും ക്ലബുകളെയും ഫിഫ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിലക്കിയതോടെ ലോകകപ്പും വിവിധ ക്ലബ് തല മത്സരങ്ങളും റഷ്യക്ക് നഷ്ടമായിരുന്നു. മൂന്നു വർഷം പിന്നിടുന്ന വിലക്ക് കാരണം 2026ലോകകപ്പ് ഫുട്ബാളിലെ യോഗ്യതാ മത്സരങ്ങളും റഷ്യക്ക് കളിക്കാൻ അവസരമില്ല. ലോകഅത്ലറ്റിക്സും ഒളിമ്പിക് കമ്മിറ്റിയുമെല്ലാം റഷ്യയെ മുഴുവൻ കായിക പരിപാടികളിൽ നിന്നും വിലക്കിയിട്ടുണ്ട്.
2023 ഒക്ടോബറിൽ ആരംഭിച്ച ഗസ്സയിലെ വംശഹത്യ അടുത്തമാസം രണ്ടു വർഷം തികയാനിരിക്കെ ഇസ്രായേലിനെ കായിക വേദിയിൽ ബഹിഷ്‍കരിക്കണമെന്ന ആവശ്യത്തിന് കരുത്തേറുകയാണിപ്പോൾ. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റാലിയൻ കാണികൾ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ നോർവെക്കെതിരായ മത്സരത്തിലും കടുത്ത ബഹിഷ്‍കരണ ഭീഷണിയാണുള്ളത്. ഗാലറി ടിക്കറ്റ് കളക്ഷനിൽ നിന്നുള്ള ലാഭം ഗസ്സയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് നോർവെ ഫുട്ബാൾ ഫെഡറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ ലോകകപ്പ് യോഗ്യത നേടിയാൽ 2026ലോകകപ്പിന് ടീമിനെ അയക്കുന്നത് സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കുമെന്ന പ്രഖ്യാപനവുമായി സ്പെയിനും രംഗത്തെത്തിയത്.
രണ്ടു വർഷമായി തുടരുന്ന ഗസ്സ വംശഹത്യയിൽ ഇതുവരെയായി 65,000ത്തിൽ ഏറെ പേരാണ് കൊല്ലപ്പെട്ടത്. മൂന്നര ലക്ഷത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി കര, വ്യോമ ആക്രമണം കനപ്പിച്ചിരികകുകയാണ് അധിനിവേശ സേന.
1987 മുതൽ 1995 വരെ ഫ്രാൻസിനായി കളിച്ച എറിക് കന്റോണ അഞ്ചു വർഷത്തോളം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും പ്രധാന താരമായിരുന്നു. ദേശീയ ഫുട്ബാളിൽ നിന്നും വിരമിച്ച ശേഷം, എട്ടു വർഷത്തോളം ബീച്ച് സോക്കറിന്റെയും ഭാഗമായി. കളിക്കളം വിട്ട ശേഷം, അഭിനയ രംഗത്തും സജീവമായിരുന്നു ഫ്രഞ്ചു ഫുട്ബാളിലെ പഴയ പടക്കുതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.