പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് ഞെട്ടിക്കുന്ന തോൽവി; ആഴ്സണലിനും ചെൽസിക്കും സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്ക് തിരിച്ചടി. ആഴ്സണലിനും ചെൽസിക്കും ന്യൂകാസിലിനും സമനില വഴങ്ങേണ്ടിവന്നപ്പോൾ ടോട്ടൻഹാമിനെ ലെസ്റ്റർ സിറ്റി ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തുവിട്ടു.


ലെസ്റ്ററിനെതിരെ 14ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ ടോട്ടൻഹാമാണ് ഗോളടിക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് നിരന്തരം തിരിച്ചടിയായിരുന്നു. 23, 24, 45+4, 81 മിനിറ്റുകളിലായിരുന്നു ലെസ്റ്ററിന്‍റെ ഗോളുകൾ.


പോയിന്‍റ് ടേബിളിലെ ഒന്നാംസ്ഥാനക്കാരായ ആഴ്സണലിനെ എട്ടാമതുള്ള ബ്രെന്‍റ്ഫോഡാണ് സമനിലയിൽ തളച്ചത്. 66ാം മിനിറ്റിൽ ലിയാൺഡ്രോ ട്രൊസാഡിന്‍റെ ഗോളിലൂടെ ആഴ്സണലാണ് മുന്നിലെത്തിയതെങ്കിലും എട്ട് മിനിറ്റിന് ശേഷം ഇവാൻ ടോണിയുടെ ഗോളിലൂടെ ബ്രെന്‍റ്ഫോഡ് തിരിച്ചടിക്കുകയായിരുന്നു.


ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ ചെല്‍സി മോശം ഫോം തുടര്‍ന്നു. 16ാം സ്ഥാനത്ത് നില്‍ക്കുന്ന വെസ്റ്റ്ഹാമിനോട് 1-1നാണ് സമനില വഴങ്ങിയത്. 16ാം മിനിറ്റിലെ ഗോളിന് 28ാം മിനിറ്റിൽ വെസ്റ്റ്ഹാം തിരിച്ചടി നൽകുകയായിരുന്നു.


നാലാംസ്ഥാനക്കാരായ ന്യൂകാസിലിനെ ബേൺമൗത്താണ് സമനിലയിൽ പിടിച്ചത് (1-1). 30ാം മിനിറ്റിൽ ബേൺമൗത്ത് ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ന്യൂകാസിലിന് വേണ്ടി അൽമിറോൺ മറുപടി ഗോളടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ന്യൂകാസിലിനെ ഗോളടിക്കാൻ ബേൺമൗത്ത് അനുവദിച്ചില്ല.


ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സിനെയും, മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻവില്ലയെയും നേരിടും. 

Tags:    
News Summary - English premiere league updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.