ഹാരി കെയ്ൻ
ഫോഡനും പാമറുമില്ലാതെ ഇംഗ്ലണ്ട് ടീം; പ്രമുഖരെ പുറത്തിരുത്തി 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ടുഷേൽ
ലണ്ടൻ: സോക്കർ ലോകകപ്പിൽ കാത്തിരിപ്പ് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇംഗ്ലണ്ട് ഇത്തവണ കിരീടമില്ലാതെ മടങ്ങാനില്ലെന്ന വിളംബരമായി തോമസ് ടുഷേലിന്റെ ടീം പ്രഖ്യാപനം. റയൽ മഡ്രിഡ് പ്രതിരോധനിരയിലെ കരുത്തുറ്റ താരം ട്രെന്റ് അലക്സാണ്ടർ ആർനൾഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങളായ ഹാരി മഗ്വയർ, ലൂക് ഷാ, മുന്നേറ്റനിരയിലെ കുന്തമുനകളാകുമെന്ന് കരുതിയ ഫിൽ ഫോഡൻ, കോൾ പാമർ എന്നിവരെ മാറ്റിനിർത്തിയാണ് 26 അംഗ സ്ക്വാഡിനെ അവതരിപ്പിച്ചത്. സമീപനാളുകളിലെ പ്രകടനമികവും ഒത്തിണക്കവും കണക്കിലെടുത്താണ് പലരെയും ഞെട്ടിച്ച ടീം പ്രഖ്യാപനം.
ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക, ഡെക്ലാൻ റൈസ് എന്നിവരെ ഉൾപ്പെടുത്തിയതിനൊപ്പം സൗദി ലീഗിൽ കളിക്കുന്ന ഇവാൻ ടോണിക്കും കോച്ച് അവസരം നൽകി. പ്രിമിയർ ലീഗിൽ വമ്പൻ തിരിച്ചുവരവുമായി മൂന്നാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മധ്യനിര നയിച്ച കോബി മൈനുവും ടീമിലുണ്ട്. ആഴ്സനലിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്ന എബറെച്ചി എസെ, നോനി മദുവേകെ എന്നിവർക്കൊപ്പം ബാഴ്സ മുൻനിരയിൽ കരുത്തായി പുതുജീവനെടുത്ത മാർകസ് റാഷ്ഫോഡും കോച്ചിന്റെ വിളി ലഭിച്ചവരിൽ പെടും. ഏറെയായി ടുഷേലിന്റെ വിശ്വസ്തനായിരുന്ന ഫോഡനെയും രണ്ടുവർഷം മുമ്പ് ചെൽസിയെ ക്ലബ് ലോകകപ്പ് നേട്ടത്തിലെത്തിച്ച പാമറും പുറത്തായത് വിമർശിക്കപ്പെടുമെങ്കിലും സമീപനാളുകളിലെ ചെറിയ വീഴ്ചകളാണ് ഇരുവർക്കും വിനയായത്. തന്നെ മാറ്റിനിർത്തിയതിനെതിരെ മഗ്വയർ സമൂഹ മാധ്യമത്തിലെത്തിയത് ശ്രദ്ധേയമായി.
ഗോൾകീപ്പർമാർ: ഡീൻ ഹെൻഡേഴ്സൺ (ക്രിസ്റ്റൽ പാലസ്), ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ), ജെയിംസ് ട്രാഫോർഡ് (മാഞ്ചസ്റ്റർ സിറ്റി).പ്രതിരോധക്കാർ: ഡാൻ ബേൺ (ന്യൂകാസിൽ), മാർക്ക് ഗുഹി (മാഞ്ചസ്റ്റർ സിറ്റി), റീസ് ജെയിംസ് (ചെൽസി), എസ്രി കോൺസ (ആസ്റ്റൺ വില്ല), ടിനോ ലിവ്രമെന്റോ (ന്യൂകാസിൽ), നിക്കോ ഒ'റെയ്‌ലി (മാഞ്ചസ്റ്റർ സിറ്റി), ജാരെൽ ക്വാൻസ (ബേയർ ലെവർകുസെൻ), ഡിജെഡ് സ്പെൻസ് (ടോട്ടൻഹാം), ജോൺ സ്റ്റോൺസ് (മാഞ്ചസ്റ്റർ സിറ്റി).
മിഡ്ഫീൽഡർമാർ: എലിയറ്റ് ആൻഡേഴ്‌സൺ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), ജൂഡ് ബെല്ലിംഗ്ഹാം (റയൽ മാഡ്രിഡ്), എബെറെച്ചി എസെ (ആഴ്സണൽ), ജോർദാൻ ഹെൻഡേഴ്സൺ (ബ്രെന്റ്ഫോർഡ്), കോബി മൈനൂ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡെക്ലാൻ റൈസ് (ആഴ്സണൽ), മോർഗൻ റോജേഴ്‌സ് (ആസ്റ്റൺ വില്ല).ഫോർവേഡുകൾ: ആൻ്റണി ഗോർഡൻ (ന്യൂകാസിൽ), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്), നോനി മഡ്യൂകെ (ആഴ്സനൽ), മാർക്കസ് റാഷ്ഫോർഡ് (ബാഴ്സലോണ), ബുക്കയോ സാക്ക (ആഴ്സണൽ), ഇവാൻ ടോണി (അൽ-അഹ്ലി), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.