ആഴ്സനലിനോട് നാണംകെട്ട തോൽവി, പിന്നാലെ കൊമ്പുകോർത്ത് ഗോൾകീപ്പർ മാർട്ടിനെസും ആരാധകരും -വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലയുടെ അപരാജിത കുതിപ്പിനാണ് ആഴ്സനൽ തടയിട്ടത്. തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച് റെക്കോഡിട്ടതിന്‍റെ തിളക്കത്തിലാണ് വില്ല താരങ്ങൾ എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തിയത്.

എന്നാൽ, എതിരാളികളുടെ തട്ടകത്തിൽ അവരെ കാത്തിരുന്നത് നാണംകെട്ട തോൽവിയും. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പീരങ്കിപ്പട ഉനായ് എമറിയുടെ സംഘത്തിന്‍റെ വില്ലൊടിച്ചത്. പരിക്കിൽനിന്ന് മോചിതനായി എത്തിയ ബ്രസീൽ താരം ഗബ്രിയേൽ (48ാം മിനിറ്റിൽ), മാർട്ടിൻ സുബിമെൻഡി (52), ലിയാൻഡ്രോ ട്രൊസാർഡ് (69), പകരക്കാരൻ ഗബ്രിയേൽ ജീസസ് (78) എന്നിവരാണ് ആഴ്സനലിനായി വലുകുലുക്കിയത്. ഇൻജുറി ടൈമിൽ ഒലീ വാറ്റ്കിൻസിന്‍റെ (90+4) വകയായിരുന്നു വില്ലയുടെ ആശ്വാസ ഗോൾ.

പുതുവർഷത്തിലേക്ക് കടക്കുമ്പോഴും ആഴ്സനൽ തന്നെയണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ചു പോയന്‍റിന്‍റെ ലീഡ്. സ്വന്തം ആരാധകർ പോലും പ്രതീക്ഷിക്കാത്ത തോൽവിയാണ് വില്ലക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരശേഷം അതിന്‍റെ നിരാശയും രോഷവും അവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു. ഗ്രൗണ്ടിൽനിന്ന് മടങ്ങുന്നതിനിടെ ടണലിൽ വെച്ച് ആഴ്സനൽ ആരാധകരും വില്ല ഗോൾ കീപ്പർ അർജന്‍റീനയുടെ എമി മാർട്ടിനെസും തമ്മിൽ കൊമ്പുകോർക്കുന്നതിലേക്കും കാര്യങ്ങളെത്തി.

ആരാധകരുടെ പ്രതികരണമാണ് മാർട്ടിനെസിനെ ചൊടിപ്പിച്ചത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്നവർ ഏറെ പാടുപ്പെട്ടാണ് മാർട്ടിനെസിനെ പിന്തിരിപ്പിച്ചത്. മുൻ ആഴ്സനൽ ഗോൾ കീപ്പറായിരുന്ന മാർട്ടിനെസ്, വർഷങ്ങളോളം ക്ലബിനുവേണ്ടി കളിച്ചാണ് വില്ലയിലേക്ക് ചേക്കേറിയത്. 2020 സെപ്റ്റംബറിൽ വില്ലക്കൊപ്പം ചേരുമ്പോൾ മാർട്ടിനെസ് മുൻനിര ഗോൾകീപ്പർമാരുടെ പട്ടികയിൽ എവിടെയുമുണ്ടായിരുന്നില്ല. പരിക്കുപറ്റിയും മറ്റും കൂടെയുള്ളവർ വിട്ടുനിന്നപ്പോൾ മാത്രം വല കാക്കാൻ നിയോഗിക്കപ്പെടുകയെന്ന ദുഷ്പേര് പേറിയവൻ. ഗണ്ണേഴ്സ് ജഴ്സിയിൽ വല്ലപ്പോഴും മാത്രമാണ് പ്രിമിയർ ലീഗ് കളിക്കാൻ ഇറങ്ങിയത്.

വില്ലയിലെത്തുന്നതോടെയാണ് എമിയുടെ ഭാഗ്യം തെളിയുന്നത്. ഫിഫയുടെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അതിൽ അവസാനത്തേത് മാത്രം. എമിയുടെയും വില്ലയുടെയും ഷോകേസിലിപ്പോൾ മെഡലുകളുടെ കൂമ്പാരമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരുടെ ഗണത്തിലാണ് ഇന്ന് താരമുള്ളത്. മത്സരത്തിൽ നന്നായി തുടങ്ങിയ വില്ലയാണ് വലിയ തോൽവി വഴങ്ങിയത്. മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിയെ ബേൺമൗത്ത് സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി പിരിയുകയായിരുന്നു. കോൾ പാമർ (15, പെനാൽറ്റി) എൻസോ ഫെർണാണ്ടസ് (23) എന്നിവർ നീലപ്പടക്കായും ബ്രൂക്സ് (ആറ്), ക്ലൂയിവർട്ട് (27) എന്നിവർ ബേൺമൗത്തിനായും ലക്ഷ്യം കണ്ടു.

കഴിഞ്ഞ മത്സരത്തിൽ വില്ലയോട് ചെൽസി തോറ്റിരുന്നു. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള വൂൾവ്സിനോട് സമനില വഴങ്ങേണ്ടി വന്നത് യുനൈറ്റഡിന് വലിയ തിരിച്ചടിയായി. പോയന്‍റ് പട്ടികയിൽ മുന്നേറാനുള്ള സുവർണാവസരമാണ് സ്വന്തം ആരാധകർക്കു മുമ്പിൽ റൂബൻ അമോറിമും സംഘവും കളഞ്ഞുകുളിച്ചത്. യുനൈറ്റഡിനായി ജോഷ്വാ സിർക്കിയും (7) വൂൾവ്സിനായി ലാഡിസ്ലാവ് ക്രെച്ചിയും (45) ഗോൾ നേടി. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ 3-1ന് ബേൺലിയെയും എവർട്ടൺ 2-0ത്തിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയും തോൽപിച്ചു. വെസ്റ്റ് ഹാം-ബ്രൈറ്റൺ (2-2) മത്സരം സമനിലയിൽ കലാശിച്ചു.

Tags:    
News Summary - Emi Martinez Furious At Arsenal Fans After Aston Villa's Heavy Defeat In Emirates Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.