ആറ് ഗോൾ ജയത്തോടെ ഡോട്ട്മുണ്ട്; ജർമനിയിൽ കിരീടത്തിന് ഇഞ്ചോടിഞ്ച് പോര്

യുവതാരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും കരിം അദേയേമിയും ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ തകർപ്പൻ ജയവുമായി ബൊറൂസിയ ഡോട്ട്മുണ്ട്. ജർമൻ ബുണ്ടസ് ലീഗയിൽ വി.എഫ്.എൽ വോൽഫ്സ്ബർഗിനെ എതിരില്ലാത്ത ആറ് ഗോളിനാണ് ഡോട്ട്മുണ്ട് തകർത്തുവിട്ടത്. ഇതോടെ ലീഗിൽ ​കിരീടത്തിനായുള്ള പോരാട്ടവും കടുത്തു. 31 മത്സരങ്ങൾ പൂർത്തിയായപ്പോൾ 65 പോയന്റുമായി ബയേൺ മ്യൂണിക്കാണ് മുമ്പിൽ. ഇത്രയും മത്സരങ്ങളിൽ ഒരു പോയന്റ് മാത്രം പിറകിലാണ് ഡോട്ട്മുണ്ട്.

സീസൺ അവസാനിച്ചാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹമുള്ള ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളോടെ സീസണിലെ ഗോളെണ്ണം 13 ആയി ഉയർത്തി. 54, 86 മിനിറ്റുകളിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഫിനിഷിങ്. 14ാം മിനിറ്റിൽ കരിം അദേയേമിയിലൂടെയാണ് ഡോട്ട്മുണ്ട് അക്കൗണ്ട് തുറന്നത്. 59ാം മിനിറ്റിൽ ഹാലറുടെ അസിസ്റ്റിൽ ഒരിക്കൽ കൂടി താരം ലക്ഷ്യം കണ്ടു. എന്നാൽ, 65ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി താരം പാഴാക്കിയതോടെ ഹാട്രിക് നഷ്ടമായി. സെബാസ്റ്റ്യൻ ഹാലർ, ഡോനിയൽ മലൻ എന്നിവരുടെ വകയായിരുന്നു അവശേഷിക്കുന്ന ഗോളുകൾ.

ലീഗിൽ ബയേൺ മ്യൂണിക്കിനും ബൊറൂസിയ ഡോട്ട്മുണ്ടിനും മൂന്ന് മത്സരങ്ങൾ വീതമാണ് അവശേഷിക്കുന്നത്. 11 വർഷത്തെ ഇടവേളക്ക് ശേഷം കിരീടം നേടാമെന്ന​ പ്രതീക്ഷയിലാണ് ഡോട്ട്മുണ്ട്. 57 പോയന്റുള്ള ആർ.ബി ലെയ്പ്സിഷ് ആണ് മൂന്നാം സ്ഥാനത്ത്. യൂനിയൻ ബർലിൻ, ഫ്രെയ്ബർഗ് എന്നിവ 56 പോയന്റുമായി നാലും അഞ്ചും സ്ഥാനത്തുണ്ട്.  

Tags:    
News Summary - Dotmund with a six-goal win; A close fight for the title in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.