കെ.എസ്.ഇ.ബി ടീം

ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും

തിരുവനന്തപുരം: ജി.വി.രാജയുടെ പുൽമൈതാനത്ത് കാറ്റ് നിറച്ചൊരു പന്ത് കാലുകളിലേക്കെത്തുമ്പോൾ കുറച്ച് പേടിയുണ്ടാകും. കാരണം ഇപ്പുറത്തുറത്ത് യാണ്. നോക്കിക്കളിച്ചില്ലേൽ കരിച്ചുകളയും. അത്രത്തോളംപവറാണ് തലസ്ഥാനത്തിന്‍റെ ഫുട്ബാൾ രാജാക്കന്മാർക്ക്. എലൈറ്റ് ഡിവിഷന്‍റെ കിക്കോഫിന് ഇനി മൂന്നുനാൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യന്മാർ സെറ്റായി ക്കഴിഞ്ഞു.

കേരള പൊലീസ്, ഏജീസ് ഓഫിസ്, കോവളം എഫ്.സി, ആർ.ബി.ഐ, എസ്.ബി.ഐ ടീമുകളെ പരാജയപ്പെടുത്തി 15 പോയന്‍റുമായാണ് കഴിഞ്ഞവർഷം കെ.എസ്.ഇ.ബി അന്തപുരിയുടെ ഫുട്ബാൾ രാജാക്കന്മാരായത്. ആ പ്രൗഡി ഇത്തവണയും ഗ്രൗണ്ടിൽ നിലനിറുത്താനാണ് കേരള മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ സനുഷ് രാജിന്‍റെ നേതൃത്വത്തിൽ 13ന് തലസ്ഥാനത്ത് ആദ്യപോരാട്ടത്തിന് ടീം ഇറങ്ങുക.

2017ൽ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കെ.എസ്.ഇ.ബി 2021ലും 2022ലും റണ്ണറപ്പുകളായിരുന്നു. ഇത്തവണ കെ.പി.എല്ലിൽ മുത്തൂറ്റ് എഫ്.സിയോട് സെമിയിൽ തോറ്റ് പുറത്തായതിന്‍റെ സങ്കടം മാറണമെങ്കിൽ എലൈറ്റ് ഡിവിഷനിലെ യുദ്ധം ജയിച്ചേ തീരൂ. അതിനുള്ള വെടിക്കോപ്പുകൾ ടീമിന്‍റെ ആയുധപ്പുരയിൽ സമ്പന്നം.

കളത്തിനകത്തും പുറത്തും ഫുട്ബാളിൽ തഴക്കവും പഴക്കവും വന്ന ഒരുപറ്റം താരങ്ങളുടെ സാന്നിധ്യമാണ് കെ.എസ്.ഇ.ബിയെ മറ്റ് ടീമുകളുടെ പേടിസ്വപ്നമാക്കുന്നത്. ഒപ്പം ദിവസവും രണ്ടുനേരമുള്ള മുടങ്ങാത്ത പരിശീലനവും. ഊണിലും ഉറക്കത്തിലും ഫുട്ബാളിനെ മാത്രം ചിന്തിക്കുകയും സ്വപ്നംകാണുകയും ചെയ്യുന്ന ഇവർക്ക് കായികവിനോദത്തിനപ്പുറം ഫുട്ബാൾ രക്തത്തിൽ അലിഞ്ഞുചേർന്ന ലഹരിയാണ്.

മുൻ കേരള സന്തോഷ് ട്രോഫി താരം എൽദോസ് ജോർജിന്‍റെ നേതൃത്വത്തിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. സന്തോഷ് ട്രോഫി താരം എം. വിഘ്നേഷ്, കേരള താരം വിശാഖ് സുകുമാരൻ, ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി താരങ്ങളും കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിയുടെ ഗോൾ മെഷീനുകളുമായിരുന്ന കരുൺ ബേബി, കെ. ശ്രീരാജ് എന്നിവരാണ് എതിരാളികളുടെ ഗോൾമുഖം തകർക്കാൻ പരിശീലകൻ സനുഷ് രാജ് തയ്യാറാക്കിവെച്ചിരിക്കുന്ന ബ്രഹ്മാസ്ത്രങ്ങൾ.

കണ്ണുചിമ്മിത്തുറക്കുന്നതിനിടെ എതിരാളികളുടെ പ്രതിരോധ സംവിധാനം തകർത്ത് ഗോൾ വലയടിച്ചുകീറുന്ന കേരള മിസൈൽമാനും കേരളത്തിന്‍റെ സന്തോഷ് ട്രോഫി ക്യാപ്ടനുമായ നിജോ ഗിൽബർട്ടാണ് മധ്യനിരയിൽ ടീമിന്‍റെ പവർ എൻജിൻ. നിജോക്ക് വലംകൈയായി സന്തോഷ് ട്രോഫി താരം ഗിഫ്റ്റി സി ഗ്രേഷ്യസും ഇടംകൈയായി കേരള സൂപ്പർ ലീഗിൽ കോഴിക്കോട് എഫ്.സിക്കായി ബൂട്ടണിഞ്ഞ അർജുനും കൂടി ചേരുമ്പോൾ എതിരാളികൾക്ക് കെ.എസ്.ഇ.ബി നൽക്കുക ഷോക്കായിരിക്കില്ല, മിന്നലാകുമെന്ന് ടീം മാനേജറും കേരള മുൻ സന്തോഷ് ട്രോഫി താരവുമായ നൗഷാദ് പരി 'മാധ്യമ'ത്തോട് പറഞ്ഞു.

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി പ്രതിരോധ കോട്ടകെട്ടിയിട്ടുള്ള ബെൽജിൻ ബോൾസ്റ്റർ, നിഷോൺ സേവിയർ, മുഹമ്മദ് സലീം, ഷിനു സെൽവം, ഷിനു റൈമൺ, ജെറിറ്റോ തുടങ്ങിയവരുടെ ഉരുക്ക് കാലുകളായിരിക്കും കെ.എസ്.ഇ.ബിയുടെ ഗോൾപോസ്റ്റിന് മുന്നിലുണ്ടാവുക. ഇവരെ താണ്ടി എതിർടീമിന് വലകുലുക്കണമെങ്കിൽ ഗോളി ഹജ്മലിനെ കൂടി വീഴ്ത്തേണ്ടിവരും.

ഹജ്മലിന്‍റെ മിന്നും പ്രകടനമാണ് ഇക്കഴിഞ്ഞ കേരള സൂപ്പർ ലീഗിൽ (കെ.എസ്.എൽ) ഫോഴ്സ കൊച്ചിയെ ചാമ്പ്യന്മാരാക്കിയത്. ലീഗിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും ഹജ്മലിനായിരുന്നു. ഹജ്മലിനൊപ്പം കർണാടകക്കായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള കോഴിക്കോടുകാരൻ ഷൈൻഖാനും അവശ്യഘട്ടങ്ങളിൽ കെ.എസ്.ഇ.ബിയുടെ വലകാക്കാൻ ഇറങ്ങുന്നതോടെ എതിരാളികൾ വിയർക്കുകയല്ല, ജയിക്കാൻ വെള്ളം കുടിക്കേണ്ടിവരും.

ചാമ്പ്യന്മാരുടെ ഗരിമയിൽ തന്നെയാകും കേരള ടൈഗേഴ്സിനെതിരെ ആദ്യമത്സരത്തിന് ഞങ്ങൾ ഇറങ്ങുക. പരിചയസമ്പന്നരുടെ വലിയ നിരയാണ് ടീം. എങ്കിലും ആരെയും നിസാരമായി കാണില്ല. ദിവസവും രണ്ടുനേരം കഠിനമായി പരിശീലിക്കുന്നുണ്ട്. ഓരോ മത്സരവും അധികാരികമായി ജയിക്കാനാണ് ശ്രമിക്കുക. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കപ്പ് ഞങ്ങൾ തൂക്കിയിരിക്കും.'  നൗഷാദ് പരി (ടീം മാനേജർ, കെ.എസ്.ഇ.ബി)

Tags:    
News Summary - District Football League; KSEB will be the one to play the show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.