ലോ​ക​ക​പ്പി​ന്റെ പ്ര​ധാ​ന ആ​ഘോ​ഷ വേ​ദി​യാ​യ ലു​സൈ​ൽ ബൗ​ളി​വാ​ഡ്

പന്തുരുളും മുമ്പേ ഉത്സവമേളം

ദോഹ: ഗോളടിയുടെ ആവേശവും വിജയ പരാജയങ്ങളുടെ നാടകീയതയും കളം നിറയുന്ന പോരാട്ടത്തിന് കിക്കോഫ് കുറിക്കുംമുമ്പ് ആരാധകരുടെ ഉത്സവമേളത്തിന് ബുധനാഴ്ച തുടക്കം. ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായാണ് ബുധൻ, വ്യാഴം, വെള്ളി ദിനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കലാകാരന്മാർ അണിനിരക്കുന്ന ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.

ഖത്തർ ടൂറിസം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ എയർവേസ്, ഖത്തരി ദിയാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് 'ദർബ് ലുസൈൽ ഫെസ്റ്റിവൽ' ആഘോഷമായെത്തുന്നത്. ലുസൈൽ നഗരത്തിൽ ലോകകപ്പിന്റെ പ്രധാന ആഘോഷ വേദിയായി മാറുന്ന ലുസൈൽ ബൗളിവാഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 'ദർബ് ലുസൈൽ ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നത്.

നവംബർ ഒന്നുമുതൽ ലോകകപ്പിനുള്ള കാണികളുടെ വരവ് തുടങ്ങിയതിനുപിന്നാലെ ആഘോഷ വേദികളിലേക്കുള്ള വാതിൽ കൂടിയാണ് ദർബ് ലുസൈൽ. ഖത്തർ -മെനാസ സാംസ്കാരിക വർഷ ആഘോഷവും നടക്കും. ആദ്യദിനത്തിൽ മിഡിൽ ഈസ്റ്റ് സ്പെഷൽ കലാപരിപാടികളാണ് ഒരുക്കുന്നത്.

ലു​സൈ​ൽ ബൗ​ളി​വാ​ഡി​ലെ കെ​ട്ടി​ട​ത്തി​ലെ ത്രീ ​ഡി ദൃ​ശ്യം

ബൗളിവാഡിൽ അഞ്ചുമണിയോടെ പ്രവേശനം ആരംഭിക്കും. ഏഴ് മണിക്ക് ഡ്രോൺ ഷോയും അരങ്ങേറും. ടിക്കറ്റില്ലാതെയാണ് ബുധനാഴ്ചത്തെ പ്രവേശനം. അബ്ദുൽ അസീസ് ലൂയിൽ, ജോസഫ് അത്തിയ എന്നിവരുടെ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുന്നത്. വെള്ളിയാഴ്ച സുനിതി ചൗഹാൻ, റാഹത് ഫതേഹ് അലി ഖാൻ എന്നിവരുടെ മ്യൂസിക് ഫെസ്റ്റിന് ലുസൈൽ സ്റ്റേഡിയം വേദിയാവും. ശനിയാഴ്ച ബൗളിവാഡിൽ ഈജിപ്ഷ്യൻ ഗായകൻ അഹമ്മദ് സാദ് നയിക്കുന്ന സംഗീതനിശയും അരങ്ങേറും.

നാളെ ലുസൈൽ സ്റ്റേഡിയത്തിൽ

ലുസൈൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റാണ് വ്യാഴാഴ്ചത്തെ വിഭവം. ബോളിവുഡ് സൂപ്പർതാരം സുനിതി ചൗഹാൻ, സംഗീത വിസ്മയങ്ങളായ സലിം-സുലൈമാൻ സഹോദരങ്ങൾ, ഗസൽ-സൂഫി-ഖവാലി ഗാനങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരുള്ള റാഹത്ത് ഫതേഹ് അലി ഖാൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയിൽ നിറഞ്ഞു കവിയുന്ന ലുസൈൽ സ്റ്റേഡിയത്തിൽ കാണികൾക്ക് മുന്നിലെത്തുന്നത്. ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഫിഫ ടിക്കറ്റ് വഴിയുള്ള ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. 40,80,150,200 റിയാലിന് ടിക്കറ്റുകൾ ലഭ്യമാണ്. ലോകകപ്പിനുള്ള ഹയ്യ കാർഡ് വഴിയായിരിക്കും കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത്.

'ധും മചാലെ..', 'സാമി സാമി..' റബ്നെ ബനായിലെ 'ഡാൻസ് പേ ചാൻസ്'.. തുടങ്ങിയ ഗാനങ്ങളിലൂടെ ഹിന്ദി സിനിമയിലും ടെലിവിഷൻ ഷോകളിലും നിറസാന്നിധ്യമായ സുനിതി ചൗഹാൻ അരങ്ങുതകർക്കുന്ന മ്യൂസിക് ഫെസ്റ്റിന് ആരാധകർ നിറഞ്ഞു കവിയും. വൈകീട്ട് നാലുമുതൽ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.5.30ന് സിദ്ധാർഥ് കശ്യപ് നേതൃത്വം നല്‍കുന്ന പെര്‍ഫെക്ട് അമല്‍ഗമേഷന്‍ ടീമിന്റെ ഫ്യൂഷന്‍ പ്രകടനം ആരംഭിക്കും. 

ആഘോഷ വേദിയാവാൻ ബൗളിവാഡ്

കെട്ടിടങ്ങളിലും തെരുവിലും ആകാശത്തിലും അതിശയകാഴ്ചകളൊരുക്കിയാണ് ലുസൈൽ സ്റ്റേഡിയത്തിനരികിലെ അത്ഭുതത്തെരുവായി ബൗളിവാഡ് ഒരുങ്ങിയിരിക്കുന്നത്.ബുധനാഴ്ചത്തെ ദർബ് ലുസൈൽ ഫെസ്റ്റിലൂടെ ഈ വിനോദകേന്ദ്രം സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.

ത്രീഡി അനിമേഷനുകൾ നിറഞ്ഞ കെട്ടിടങ്ങൾ, ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ പതാകകൾ മേൽക്കൂരയാക്കി വിശാലമായ തെരുവും തെരുവോരങ്ങളും. യൂറോപ്യൻ നഗരങ്ങളിലെ കാഴ്ചകളെ വെല്ലുന്ന കെട്ടും മട്ടുമായാണ് ബൗളിവാഡ് ലോകത്തിനുമുമ്പാകെ കൺതുറക്കുന്നത്. ലോകകപ്പ് കലാശപ്പോര് നടക്കുന്ന ലുസൈൽ നഗരമധ്യത്തിൽ 60,000ത്തോളം വരുന്ന സന്ദർശകർക്കായി ഒരുക്കുന്ന പ്രധാന ആകർഷണ കേന്ദ്രമാണിത്.

തത്സമയ സംഗീത പരിപാടികൾ, സ്ട്രീറ്റ് പ്രകടനങ്ങൾ, പരേഡുകൾ എന്നിവയാണ് പ്രധാന ആകർഷണം.1.3 കിലോമീറ്റർ നീളമുള്ള ലുസൈൽ ബൗളെവാഡിൽ എല്ലാ ദിവസവും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോയും ലോകകപ്പിന്റെ ഭാഗമായി നടക്കും. 50 ഭക്ഷ്യ ഔട്ട്‍ലറ്റുകളാണ് ഇവിടെ ഒരുങ്ങുന്നത്.

Tags:    
News Summary - Darb Lusail Festival begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.