ലോകകപ്പ് കാണികളുടെ താമസത്തിനുള്ള എം.എസ്.സി ഒപേറ ക്രൂസ് കപ്പൽ
ദോഹ: ലോകകപ്പിനെത്തുന്ന ആരാധകർക്ക് വേറിട്ട താമസസൗകര്യമെന്ന നിലയിൽ ശ്രദ്ധേയമായ ക്രൂസ് കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു. നേരത്തെ രണ്ടു കപ്പലുകളായിരുന്നു കാണികളുടെ താമസത്തിനായി ബുക്കിങ് സ്വീകരിച്ചിരുന്നതെങ്കിൽ മൂന്നാമതൊരു കപ്പൽകൂടി തയാറായതായി ഓപറേറ്റർമാായ എം.എസ്.സി ക്രൂസ് അറിയിച്ചു. 1075 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള എം.എസ്.സി ഒപേറയാണ് ഏറ്റവും പുതുതായി ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. ദോഹ തീരത്ത് നങ്കൂരമിടുന്ന കപ്പൽ, കാണികളുടെ ഫ്ലോട്ടിങ് ഹോട്ടലായി മാറും.
നവംബർ 19 മുതൽ ഡിസംബർ 19 വരെ ലോകകപ്പ് മത്സരത്തിലുടനീളം കാണികളുടെ താമസത്തിനായി കപ്പലുകൾ തീരത്തുണ്ടാവുമെന്ന് എം.എസ്.സി അധികൃതർ അറിയിച്ചു. എം.എസ്.സി വേൾഡ് യൂറോപ, എം.എസ്.സി പോഷ്യ എന്നീ കപ്പലുകളിൽ നേരത്തെതന്നെ കാണികളുടെ താമസ ബുക്കിങ് ആരംഭിച്ചിരുന്നു. ഇരു കപ്പലുകളിലായി 4000ത്തിലേറെ മുറികളാണുള്ളത്. ഇതുവഴി 9400 ഓളം കാണികൾക്ക് ഒരേസമയം ഇരു കപ്പലുകളിലുമായി താമസ സൗകര്യം ഒരുക്കാവുന്നതാണ്.
ലോകമെങ്ങുമുള്ള കാണികളിൽ നിന്നായി മികച്ച പ്രതികരണമാണ് ക്രൂസ് കപ്പൽ താമസ സംവിധാനങ്ങൾക്കുള്ളത്. ഇതിനു പുറമെയാണ് ഒപേറ കൂടി ചേരുന്നത്. ടൂർണമെന്റിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത നിരക്കുകളാണ് കപ്പലുകളിലെ താമസ സംവിധാനത്തിനായി ഈടാക്കുന്നത്. ഗ്രൂപ് റൗണ്ടിൽ എം.എസ്.സി ഒപേറയിലെ പ്രതിദിന നിരക്ക് 1710 റിയാലാണ്. പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനലുകളിൽ 1310 റിയാലും അവസാന ആഴ്ചകളിൽ 800 റിയാലുമാണ് നിരക്ക്.
നവംബർ 10നും 14നുമായി ആദ്യ രണ്ട് കപ്പലുകളും ദോഹ തീരത്ത് നങ്കൂരമിടുമെന്ന് സുപ്രീം കമ്മിറ്റി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.